മാസ് കമ്മ്യുണിക്കേഷന്‍ - ജേര്‍ണലിസം പ്രചാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു പഠന ശാഖയാണ്‌. ഈ മേഖലയില്‍ ധാരാളം പഠനസാമഗ്രികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ലഭ്യമാണെങ്കിലും, മലയാളത്തില്‍ ഉള്ളവ താരതമ്യേന കുറവാണ്. ഈ കുറവ് പരിഹരിക്കാനുള്ള സംരംഭമാണ് മാസ് കമ്മ്യുണിക്കേഷന്‍ മലയാളത്തില്‍ എന്ന ബ്ലോഗ്‌.

Followers

Thursday, October 19, 2017

ആശയവിനിമയ മാതൃകകള്‍ | Communication Models 7 - Westley and MacLean Model of Communication (1957)


ബി.എച്. വെസ്ലി, എം.എസ്. മക്ലിയന്‍ എന്നീ നിരീക്ഷകര്‍ “A conceptual model for communication research” എന്ന തങ്ങളുടെ ലേഖനത്തിലാണ് ഈ മാതൃകയെ പരിചയപ്പെടുത്തുന്നത്. തിയഡോര്‍ ന്യൂകോമ്പ് കണ്ടെത്തിയ ABX Modelന്‍റെ അടിസ്ഥാനത്തിലാണ് ഈ മാതൃക ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.
ഇവിടെ
A എന്നത് സന്ദേശം അയക്കുന്നയാളും (communicator) (ന്യൂസ് ഏജന്‍സി) C ഗേറ്റ്കീപ്പിംഗ് നടത്തുന്ന മാധ്യമ സ്ഥാപനവും (media/gatekeeper) B പ്രേക്ഷകരുമാണ് (audience).X1-Xn വരെയുള്ളത് വിവിധ വാര്‍ത്താ ഉറവിടങ്ങളെ സൂചിപ്പിക്കുന്നു (news sources).fപ്രതികരണമാണ് (feedback).
ഒരു ദിനപത്രത്തില്‍ നിരവധി വാര്‍ത്തകള്‍ ദിവസവും ലഭിക്കുന്നു. മിക്കതും വാര്‍ത്താ  ഏജന്‍സി വഴിയായിരിക്കും. ഈ വാര്‍ത്തകള്‍ ഗേറ്റ്കീപ്പിംഗ് അഥവാ തരംതിരിക്കല്‍ എന്ന പ്രക്രിയ വഴി ചുരുക്കുന്നു. ഇത് മാധ്യമപ്രവര്തകരുടെ ചുമതലയാണ്. ഒടുവില്‍ ഈ വാര്‍ത്തകള്‍ പ്രേക്ഷകരിലേക്ക് എത്തുന്നു. പ്രേക്ഷകര്‍ക്ക്‌ തങ്ങളുടെ പ്രതികരണം നേരിട്ടോ അഥവാ മാധ്യമം വഴിയോ പ്രധാന വിനിമയ ദാതാവായ വാര്‍ത്താ ഏജന്‍സിയെ അറിയിക്കാന്‍ കഴിയും. ഇത്രയുമാണ് ഈ മാതൃകയിലൂടെ പറയുവാന്‍ ശ്രമിക്കുന്നത്. ഗേറ്റ്കീപ്പിംഗ് എന്ന പ്രക്രിയയ്ക്ക് ആശയവിനിമയത്തില്‍ ഉള്ള പ്രാധാന്യം വ്യക്തമാക്കുക എന്നതാണ് ഈ മാതൃകയുടെ ലക്‌ഷ്യം. വിനിമയത്തെ നിരവധി ഘടകങ്ങള്‍ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു എന്ന് ഈ മാതൃക  വ്യക്തമാക്കുന്നു. 

ആശയവിനിമയ മാതൃകകള്‍ | Communication Models 6 - Berlo’s S-M-C-R Model (1960)


വിനിമയത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ ഇടയില്‍ രൂപപ്പെടുന്ന ബന്ധമാണ് പ്രധാനമായും ഈ മാതൃകയില്‍ വിശധീകരിക്കുന്നത്. ഇവിടെ ധാതാവും സ്വീകര്ത്താവും ആണ് പ്രധാനം. ഇവര്‍ക്കിടയില്‍ വിനിമയശേഷി എത്ര കണ്ടു വളരുന്നുവോ, അത്രയും മികവോടെ വിനിമയപ്രക്രിയയും സംഭവിക്കും. ഒരു വ്യക്തിയുടെ വിനിമയശേഷി, അഭിരുചി, അറിവ്, സമൂഹം, സംസ്കാരം എന്നിവയാണ് അയാളുടെ വിനിമയത്തെ ബാധിക്കുന്ന ഘടകങ്ങള്‍. ഇവയെ മുന്‍നിര്‍ത്തിയാണ് സന്ദേശം അയക്കുന്നതും സ്വീകരിക്കുന്നതും മനസിലാക്കുന്നതും. പഴമക്കാര്‍ പുതുതലമുറ എന്നീ താരതമ്യം ഇതിന് ഉദാഹരണമാണ്. പ്രതികരണത്തിനുള്ള സാധ്യത  ഇല്ല എന്നത് ഇതിന്റെ ന്യൂനതയാണ്. 



ആശയവിനിമയ മാതൃകകള്‍ | Communication Models 5 - Dance’s helical Model (1967)


ഫ്രാങ്ക് എക്സ്. ഡാന്‍സ് തന്റെ “ഹുമന്‍ കമ്മ്യുണിക്കെഷന്‍ തിയറി” എന്ന ഗ്രന്ഥത്തില്‍ വിനിമയത്തെ പരിവര്‍ത്തനാത്മകമായ പ്രക്രിയയായാണ് വിവരിച്ചിരിക്കുന്നത്. വളയാകൃതിയില്‍ ആവിഷ്കരിച്ചിരിക്കുന്ന മാതൃക മനുഷ്യജീവിതത്തില്‍ വിനിമയപ്രക്രിയയ്ക്ക് സംഭവിക്കുന്ന പരിവര്‍ത്തനത്തെ പ്രതിനിധാനം ചെയ്യുന്നു. വിനിമയപ്രക്രിയ മുന്‍പോട്ടു പോവുക തന്നെ ചെയ്യും. എന്നാല്‍ കാലോചിതമായ മാറ്റങ്ങള്‍ പരിസരത്തിന്റെ ഇടപെടലുകള്‍ കൊണ്ട് സംഭവിക്കും.
പരിസരവും പെരുമാറ്റവും നിരന്തരമായി മാറിക്കൊണ്ടിരിക്കുന്നവയാണ്. ഇത് കാലാന്തരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ്. ഒരു മുഖാമുഖസംഭാഷണത്തില്‍ പരസ്പരം മൂല്യങ്ങളും ആശയങ്ങളും അറിവും കൈമാറുന്നത് പോലെ. ഇത് രണ്ടു കൂട്ടര്‍ക്കും വികാസമുണ്ടാകുന്നതിനു സഹായിക്കുന്നു.
ഓരോ സന്ദര്‍ഭത്തിനും സാഹചര്യത്തിനും വിധേയമായി നമ്മുടെ കാഴ്ചപ്പാട് മാറുന്നതിനെയാണ് വളയങ്ങളിലൂടെ സൂചിപ്പിക്കുന്നത്.



ആശയവിനിമയ മാതൃകകള്‍ | Communication Models 4 - Osgood and Schramm’s Circular Model (1954)


മാത്തമാറ്റിക്കല്‍ മാതൃകയുടെ നേര്‍വിപരീതമാണ് ഈ മാതൃക എന്ന് പറയാം. കാരണം വൃത്താകൃതിയില്‍ ആണ് ഇതിന്റെ ഘടന. ഇത് രണ്ടു ദിശയിലും വിനിമയം നടക്കുന്നതിനു സഹായിക്കുന്നു. ഇവിടെ വിനിമയപ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഒരേ സമയം സന്ദേശം അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. ഒരു ടെലെഫോണ്‍ സന്ദേശത്തില്‍ എന്നപോലെ. ഇവിടെ ഇവര്‍ തുല്യരാണ്. സങ്കേതനവും വിസ്സങ്കേതനവും ഇരുകൂട്ടരും ചെയ്യുന്നത് കൊണ്ട് പ്രവൃത്തിയിലും തുല്യത പാലിക്കുന്നു. ഈ മാതൃകയനുസരിച്ചു പ്രതികരണം വിനിമയത്തില്‍  സാധ്യമാണ്. രേഖീയമായ ലീനിയര്‍ മാതൃകകളില്‍ നിന്ന് വ്യത്യസ്ത്മാണിത്. മുഖാമുഖസംഭാഷണത്തിനു ഉതകുന്നതാണ് ഈ മാതൃക.  യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് പ്രായോഗികമല്ല എന്നൊരു വിമര്‍ശനവും ഈ മാതൃക നേരിടേണ്ടി വന്നിട്ടുണ്ട്. വിനിമയപ്രക്രിയയുടെ കാര്യത്തില്‍ തുല്യത കൈവരിക്കുക എളുപ്പമല്ല എന്നത് തന്നെ കാരണം. 



ആശയവിനിമയ മാതൃകകള്‍ | Communication Models 3 - Shannon and Weaver’s Mathematical Model of Communication (1948)


ആശയവിനിമയം എന്ന അനന്തമായ മേഖലയില്‍ എവിടെയും പൊതുവായി പ്രയോഗിക്കാവുന്ന  മാതൃകയാണിത്. C.E.Shannon, Warren Weaver എന്നീ ശാസ്ത്രജ്ഞരാണ് ഈ മാതൃകയുടെ ഉപജ്ഞാതാക്കള്‍. ആശയവിനിമയം എങ്ങിനെ സംഭവിക്കുന്നു എന്നതിനൊപ്പം അതില്‍ സംഭവിക്കുന്ന തടസ്സങ്ങളെപ്പറ്റിയും ഈ മാതൃകയില്‍ വിവരിക്കുന്നുണ്ട്.
രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കന്‍ ടെലെഫോണ്‍ കമ്പനിക്ക് വേണ്ടിയാണ് ഈ മാതൃക ആവിഷ്കരിക്കപ്പെട്ടത്. ഉപകരണത്തിലൂടെയുള്ള വിനിമയത്തിന് ഏറ്റവും ലളിതമായതും കുറ്റമറ്റതുമായ വിനിമയപ്രക്രിയ ആവിഷ്കരിക്കലായിരുന്നു ലക്ഷ്യം. 


അതിനായി വിനിമയ പ്രക്രിയയെ എട്ടു ഘടകങ്ങളായി വിഭജിച്ചിരിക്കുന്നു:
1. 
Source = സന്ദേശം അയക്കുന്ന ആള്‍.
2.Message = സന്ദേശം.
3. Transmitter = ഇവിടെ ഇത് ടെലെഫോണ്‍ എന്ന ഉപകരണമാണ്. സന്ദേശം തരംഗരൂപത്തിലേക്ക് മാറ്റുകയും, വിക്ഷേപണം നടത്തുകയും ചെയ്യുന്നു. മറ്റു ഉപകരണങ്ങള്‍ കൊണ്ടും ഇത് സാധ്യമാകും.
4. Signal = ഒരു മാധ്യമത്തിലൂടെ വിക്ഷേപണം ചെയ്യപ്പെടുന്ന തരംഗങ്ങളാണിവ. ഒന്നോ അതിലധികമോ തരംഗങ്ങള്‍ ഒരേ സമയം ഒരേ മാധ്യമത്തിലൂടെ വിക്ഷേപണം ചെയ്യപ്പെടാം. മുഖാമുഖസംഭാഷണത്തില്‍ അംഗവിക്ഷേപങ്ങളും സംഭാഷണവും ഒരേ മാധ്യമത്തിലൂടെ കൈമാറ്റം ചെയ്യുന്നതിന് സമാനമായ പ്രക്രിയയാണിത്.
5. Channel = സന്ദേശം തരംഗരൂപത്തില്‍ വിക്ഷേപണം ചെയ്യപ്പെടുന്ന മാധ്യമം. വായു, വെള്ളം, കേബിള്‍, എന്തുമാകാം ഈ മാധ്യമം.
6. Noise = വിനിമയത്തില്‍ സംഭവിക്കുന്ന തടസ്സങ്ങളാണ് നോയിസ്. സന്ദേശത്തെ തടസ്സപ്പെടുത്തുന്ന എന്തുമാകാമിത്.
7. Receiver = തരംഗരൂപത്തിലുള്ള സന്ദേശം സ്വീകരിക്കാനും വിവര്‍ത്തനം ചെയ്യാനും ഉപയോഗിക്കുന്ന ഒരു ഉപകരണമാണിത്. ടെലെഫോണ്‍ റിസീവര്‍ ഉദാഹരണമാണ്.
8. Destination = സന്ദേശം എത്തിച്ചേരുന്നയിടം/ വ്യക്തി.
ഒരു മാധ്യമത്തിലൂടെ സംഭവിക്കുന്നവിനിമയം ഒരേ ദിശയില്‍ സഞ്ചരിക്കുന്നു എന്നാണ് ഈ മാതൃക സൂചിപ്പിക്കുന്നത്.



ആശയവിനിമയ മാതൃകകള്‍ | Communication Models 2 - Lasswell’s Model of Communication (1948)


ഇലക്ഷന്‍ കാലത്തെ രാഷ്ട്രീയ പ്രചാരണത്തിന്റെ രീതികള്‍ പഠനവിധേയമാക്കിയാണ് ഹാരോള്‍ഡ്‌ ലാസ്വേല്‍ തന്റെ വിനിമയമാതൃക ആവിഷ്കരിച്ചത്. വിനിമയം എന്താണ് എന്ന് വിശധീകരിക്കുന്നതിനായി അദ്ദേഹം ഈ മാതൃകയില്‍ അഞ്ചു ചോദ്യങ്ങളും ഉള്‍പ്പെടുത്തി.
ആര്?
Who?
എന്ത് പറയുന്നു/പ്രചരിപ്പിക്കുന്നു?
Says What?
ഏതു മാധ്യമം വഴി?
In What Channel?
ആരോട് പറയുന്നു?
To Whom?
എന്താണ് അതിന്റെ ഫലം?
With What effect?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിലൂടെ വിനിമയത്തെ വിവരിക്കാന്‍ സാധിക്കും.
ഉദാഹരണത്തിന് ഒരു വാര്‍ത്താപത്രത്തിന്റെ കാര്യം എടുക്കുകയാണെങ്കില്‍:
ആര്? = പത്രറിപ്പോര്‍ട്ടര്‍
എന്ത് പറയുന്നു/പ്രചരിപ്പിക്കുന്നു? = വാര്‍ത്ത
ഏതു മാധ്യമം വഴി? = പത്രം
ആരോട്? = വായനക്കാരോട്
 എന്താണ് അതിന്റെ ഫലം? = വാര്‍ത്ത വായിക്കുമ്പോള്‍ ഉണ്ടാകുന്ന ആശയ വ്യതിയാനങ്ങള്‍.
ഈ മാതൃകയില്‍ പ്രതികരണത്തിനു പ്രസക്തി ഇല്ല. ഇതൊരു ന്യൂനതയാണ്.



ആശയവിനിമയ മാതൃകകള്‍ | Communication Models 1 - Aristotle’s Model of Communication


ഒരു വിഷയമോ ആശയമോ ചിത്രത്തിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്ന പ്രക്രിയയാണ് മാതൃക. അവതരിപ്പിക്കുന്ന വിഷയം അല്ലെങ്കില്‍ ആശയം എളുപത്തില്‍ ഗ്രഹിക്കാന്‍ ഇവ സഹായിക്കുന്നു. സങ്കീര്‍ണ്ണമായ ആശയങ്ങള്‍ ലളിതമാക്കുന്നതിനോടൊപ്പം പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും ഇവ വഴിയൊരുക്കുന്നു.
മാതൃകകള്‍ നിര്‍മ്മിക്കുന്നത് വിഷയങ്ങള്‍ എളുപ്പമാക്കുന്നുവെങ്കിലും, അമിതമായ ലളിതവത്കരണം ആശയത്തെ പൂര്‍ണ്ണമായും രേഖപ്പെടുത്തുന്നതില്‍ വിജയിക്കില്ല. സങ്കീര്‍ണ്ണമായ ആശയങ്ങള്‍ ഗ്രഹിക്കാന്‍ മാത്രമാണ് മാതൃകകള്‍ ഉപയോഗപ്പെടുത്തേണ്ടത്. അതായത് മാതൃകകള്‍ ഒരിക്കലും ആശയങ്ങള്‍ക്ക് പകരമായി വയ്ക്കുവാന്‍ സാധിക്കില്ല. ആശയങ്ങളെ വിവരിക്കുക്ക മാത്രമാണ് ഇവയുടെ ചുമതല.
ആശയവിനിമയ മാതൃകകള്‍ ആശയവിനിമയ പ്രക്രിയയുടെ ലളിതാവിഷ്കാരമാണ്. ഇവയില്‍ ആശയവിനിമയത്തിന്റെ ഘടകങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു.

1.
Aristotles Model of Communication (അരിസ്റ്റോട്ടില്‍ മാതൃക)

വിനിമയത്തിന്റെ പ്രാഥമികമായ മാതൃകയാണിത്. പ്ലാറ്റൊയുടെയും അരിസ്റ്റോട്ടിലിന്റെയും കാലഘട്ടത്തിലാണ് ഈ മാതൃകയുടെ ഉത്ഭവം. ഇവരുടെ ആശയ വിനിമയത്തെക്കുറിച്ചുള്ള പഠനങ്ങള്‍ പ്രഭാഷണവിദ്യ അഥവാ റിട്ടോറിക് (rhetoric)നെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു.
അരിസ്റ്റോട്ടില്‍ ആണ് ഈ മാതൃകയുടെ ഉപജ്ഞാതാവ്. ഇദ്ദേഹം വിനിമയപ്രക്രിയയെ പ്രഭാഷണകലയുടെ രൂപത്തിലാണ് വിവരിച്ചത്. വിനിമയം എന്ന പ്രക്രിയയെ , പ്രഭാഷകന്‍ പ്രസംഗം കേള്‍വിക്കാര്‍ (
speaker, speech and audience) എന്നീ മൂന്നു ഭാഗങ്ങളിലൂടെ കടന്നുപോകുന്ന ഒരു രേഖീയമായ (linear) പ്രവര്‍ത്തനമായാണ് അരിസ്റ്റോട്ടില്‍ വിവരിക്കുന്നത്. പൊതുപ്രസംഗങ്ങളാണ് ഇതിന്റെ അടിസ്ഥാനം. പ്രഭാഷകന്‍ ഇവിടെ സജീവമായ പങ്കാളിത്തമുള്ള ഘടകമായും കേള്‍വിക്കാര്‍ പൊതുവേ നിഷ്ക്രിയമായും നിലകൊള്ളുന്നു. കേള്‍വിക്കാരനില്‍ വിശ്വാസം ജനിപ്പിക്കുക എന്നതാണ് പൊതുപ്രഭാഷണത്തിന്റെ ലക്‌ഷ്യം.
ഇവിടെ കേള്‍വിക്കാര്‍ നാനാവിധത്തില്‍ ഉള്ളവരാണ്. കഴിവുള്ള പ്രഭാഷകനു കേള്‍വിക്കാരുടെ തരവും രീതിയും അനുസരിച്ച് ആശയം അവതരിപ്പിക്കുന്നതില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ കഴിയും. കേള്‍വിക്കാരുടെ അറിവും ഭൌതികതയും മനസിലാക്കി വേണം വിഷയം അവതരിപ്പിക്കുവാന്‍.
അതിനാല്‍ ഇവിടെ പ്രഭാഷകനാണ് മുഖ്യസ്ഥാനം. കേള്‍വിക്കാരില്‍ സ്വാധീനം ചെലുത്തുക എന്നൊരു ഉദ്ദേശ്യവും പ്രഭാഷകനുണ്ടായിരിക്കും. കേള്‍വിക്കാര്‍ നിഷ്ക്രിയരെങ്കിലും അവര്‍ക്ക്  പ്രഭാഷണവിഷയത്തിന്റെ പ്രതീതി ഉള്‍കൊള്ളാന്‍ കഴിയും.
പ്രഭാഷകന്‍ കേള്‍വിക്കാരിലേക്ക് ഒരു സന്ദേശം പ്രസംഗരൂപത്തില്‍ അയക്കുകയും അവരില്‍ അതിന്റെ പ്രതീതി ഉണ്ടാവുകയും ചെയ്യുന്നു എന്നാണു അരിസ്റ്റോട്ടില്‍ ഈ മാതൃകയിലൂടെ വരച്ചുകാട്ടുന്നത്. പൊതുപ്രസംഗങ്ങളില്‍ ഈ രീതി ഇന്നും പിന്തുടര്‍ന്ന് പോരുന്നു.






Verbal and Non Verbal Communication | വെര്‍ബല്‍ നോണ്‍ വെര്‍ബല്‍ കമ്മ്യുണിക്കേഷന്‍


ആശയവിനിമയം രണ്ടു തരത്തില്‍ നടത്താന്‍ കഴിയും. വാക്കാലുള്ളതും(സംഭാഷണം അല്ലെങ്കില്‍ എഴുത്ത് വഴി) ആംഗ്യങ്ങളാലുള്ളതും.
Verbal Communication - ഇതില്‍ വാക്കാലുള്ള വിനിമയം അല്ലെങ്കില്‍ വെര്‍ബല്‍ കമ്മ്യുണിക്കേഷന്‍ രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
Oral Communication അല്ലെങ്കില്‍ സംഭാഷണം വഴിയുള്ള വിനിമയം
Written Communication എഴുത്തിലൂടെയുള്ള വിനിമയം.
സംഭാഷണത്തെക്കാള്‍ എഴുത്തിനാണ് കൂടുതല്‍ ആധികാരികതയും വ്യക്തതയും ഉള്ളത്.
Non Verbal Communication -ആംഗ്യങ്ങള്‍ അല്ലെങ്കില്‍ നോണ്‍ വെര്‍ബല്‍ കമ്മ്യുണിക്കേഷന്‍ ഭാഷയ്ക്കും സംസ്കാരത്തിനും അതീതമാണ്.കാരണം വാക്കുകള്‍ ഉപയോഗിക്കാതെ ആശയം പ്രകടിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. വിവിധ തരത്തില്‍ ഇത്തരം ആശയവിനിമയം നടത്താം:
Facial Expression- മുഖം മനസ്സിന്‍റെ കണ്ണാടി ആണെന്ന് പറയാറുണ്ട്‌. ഭാവമാറ്റങ്ങള്‍ വ്യക്തമാക്കുന്നത് മാറി വരുന്ന മാനസികവ്യാപാരങ്ങളാണ്. ഇവിടെ മുഖഭാവങ്ങളാണ് സന്ദേശം. കണ്ണുകളുടെ ചലനം, രൂക്ഷത മുതലായവയും ഇതിന്‍റെ ഭാഗമാണ്.
Kinesics- ശരീരചലനങ്ങളുടെ പഠനമാണ് കൈനസിക്സ്. ചലനത്തിന്‍റെ വേഗതയും മറ്റു പ്രകടമായ സവിശേഷതകളും മാനസികാവസ്ഥയെ സൂചിപ്പിക്കുന്നു. വാക്കുകളുടെ സഹായമില്ലാതെ തന്നെ കാണുന്നവര്‍ക്ക് സന്ദേശം വ്യക്തമാകുന്നു.
Personal Appearance/Clothing- വസ്ത്രധാരണ രീതി ഒരു മനുഷ്യന്‍റെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു. ഇതിലൂടെ അയാള്‍ എത്തരക്കാരനാണെന്ന് എളുപ്പത്തില്‍ തന്നെ കാണുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നു.
Haptics- സ്പര്‍ശനം പല വിധത്തിലുണ്ട്. ആശയവിനിമയത്തില്‍ സ്പര്‍ശനത്തെ കുറിച്ചുള്ള പഠനമാണ് ഹാപ്ടിക്. നല്ലതും ചീത്തയുമായ സ്പര്‍ശനം എളുപ്പത്തില്‍ തന്നെ മനസിലാക്കാന്‍ സാധിക്കും. ഇതിനു കാരണം സ്പര്‍ശനത്തിലൂടെ ഒരു സന്ദേശം കൈമാറ്റം ചെയ്യപ്പെടുന്നതാണ്.
Proxemics- രണ്ടു വ്യക്തികള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ഇടയില്‍ ഒരു നിശ്ചിത അകലം പാലിക്കാറുണ്ട്. ഇവര്‍ക്കിടയിലെ ബന്ധത്തിന്‍റെ തീവ്രത അനുസരിച്ച് ഈ ദൂരം കൂടുകയോ കുറയുകയോ ചെയ്യാം. ഇവിടെ വ്യക്തികള്‍ അവര്‍ക്കിടയില്‍ പാലിക്കുന്ന ദൂരം കാഴ്ചക്കാരന് അവര്‍ക്കിടയിലെ ബന്ധത്തെക്കുറിച്ച് ഒരു സന്ദേശം നല്‍കുന്നു. ഇതിനെ പ്രോക്സേമിക്സ് എന്ന് പറയുന്നു.

Scope and Limitations of Broadcast Media | പ്രക്ഷേപണ മാധ്യമങ്ങള്‍ - സാധ്യതകളും പരിമിതികളും


ഇന്ത്യന്‍ സംപ്രേക്ഷമാധ്യമങ്ങളില്‍ മുന്‍നിരയില്‍ നില്കുന്നത് ടെലിവിഷനും റേഡിയോയുമാണ്‌. ടെലിവിഷന്‍ ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്‍റെ പ്രധാന വിനോദോപാദിയാകുംപോള്‍ റേഡിയോ ഇന്ത്യയിലെ സാധാരണക്കാരന്‍റെ പ്രതിനിധിയാണ്. കൊണ്ടുനടക്കാനുള്ള എളുപ്പവും വിലക്കുറവുമാണ് റേഡിയോയുടെ പ്രത്യേകതകള്‍. ദൃശ്യശ്രാവ്യ മാധ്യമം എന്ന നിലയില്‍ ടെലിവിഷനും പ്രേക്ഷകര്‍ക്ക്‌ പ്രിയങ്കരമാകുന്നു. ഇന്‍റെര്‍നെറ്റ് യുഗത്തില്‍ തിരിച്ചടികള്‍ നേരിടേണ്ടി വരുന്നുണ്ടെങ്കിലും സംപ്രേക്ഷണ മാധ്യമങ്ങളുടെ വളര്‍ച്ചയ്ക്ക് ഇനിയും സാധ്യതകള്‍ ഉണ്ടെന്നു വേണം കരുതാന്‍.
സംപ്രേക്ഷണ മാധ്യമങ്ങള്‍ - സാദ്ധ്യതകള്‍
- പ്രാദേശിക റേഡിയോ സ്റ്റേഷനുകള്‍ക്ക് ഇന്നും സ്ഥിരം പ്രേക്ഷകര്‍ ഉണ്ട്. പ്രത്യേകിച്ച് വാര്‍ത്താധിഷ്ടിത പരിപാടികള്‍ക്കും പൊതുവിവരങ്ങള്‍ക്കും.
- എഫ്.എം. റേഡിയോ ഏതു പ്രായത്തില്‍ ഉള്ളവര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ കഴിയുന്ന മാധ്യമമാണ്. ഒരു ചെറിയ പ്രദേശത്ത് മാത്രം സംപ്രേക്ഷണം നടത്തുന്നത് കൊണ്ട് പരിപാടികളിലും പ്രാദേശിക താത്പര്യങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കുന്നു.
- ചെറുകിട കച്ചവടക്കാര്‍ ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ജോലിക്കിടയില്‍ ഉപയോഗിക്കാവുന്ന ഏറ്റവും ചെലവ് കുറഞ്ഞ മാധ്യമമാണ് റേഡിയോ.
- ഇന്ത്യയിലെ ഉള്‍വലിഞ്ഞ ഗ്രാമങ്ങള്‍ മറ്റു പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പത്ര – ടെലിവിഷന്‍ മാധ്യമങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ട്. ഇവിടങ്ങളില്‍ റേഡിയോ തന്നെയാണ് ഇപ്പോഴും കൂടുതല്‍ പ്രചാരത്തിലുള്ള മാധ്യമം.
- നിരക്ഷകര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന മാധ്യമമാണ് റേഡിയോ.
- പ്രാദേശിക പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിക്കുന്നത് കൊണ്ട് പരസ്യദാതാക്കള്‍ക്കും പ്രയോജനപ്പെടുത്താവുന്ന മാധ്യമമാണ് റേഡിയോ. എഫ്.എം. റേഡിയോ ഇതിനുദാഹരണമാണ്.
- ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏറ്റവും പ്രായോഗികമായ ഒരു ആശയവിനിമയ ഉപാധിയാണ് റേഡിയോ. ക്യാമ്പസ് റേഡിയോ ഇന്ന് പ്രചാരം കൂടി വരുന്ന മാധ്യമമാണ്.
- ദൃശ്യ ശ്രാവ്യ മാധ്യമം എന്നാ നിലയില്‍ ടെലിവിഷന്‍റെ സാധ്യതകള്‍ അനവധിയാണ്.
- സീരിയലുകള്‍ റിയാലിറ്റി ഷോകള്‍ തുടങ്ങിയ പ്രോഗ്രാമുകള്‍ ടെലിവിഷനെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട മാധ്യമമാക്കുന്നു.
- ദൃശ്യ മാധ്യമം ആയതുകൊണ്ട് വിശ്വാസ്യത കൂടുതലാണ്.
- മറ്റേതു മാധ്യമത്തെക്കാളും സ്വാധീനശക്തിയുണ്ടെന്നു പറയപ്പെടുന്നതുകൊണ്ട് പരസ്യദാതാക്കള്‍ കൂടുതലായും ആശ്രയിക്കുന്നത് ടെലിവിഷനെയാണ്.
- ഇന്റര്‍നെറ്റ്‌ സ്വാധീനം വര്‍ദ്ധിച്ചു വരുമ്പോളും ഇന്ത്യയിലെ മധ്യവര്‍ഗ്ഗം വിവരങ്ങളറിയാനും വാര്‍ത്തകള്‍ കാണാനും കൂടുതല്‍ ഉപയോഗിക്കുന്നത് ടെലിവിഷന്‍ ആണ്.
- ഇന്റര്‍നെറ്റ്‌ ടെലിവിഷന്‍ ഭാവിയില്‍ പ്രചാരത്തില്‍ വരാനിടയുള്ള മാധ്യമമാണ്. നിലവില്‍ ഒട്ടനവധി ഓണ്‍ലൈന്‍ ടെലിവിഷന്‍ ചാനലുകള്‍ പ്രചാരത്തില്‍ ഉണ്ട്.

- DTH (Direct to home) സംവിധാനം വഴിയുള്ള സംപ്രേക്ഷണം ടെലിവിഷന്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌’ ഉണ്ടാക്കിയിട്ടുണ്ട്.
- മുഴുവന്‍ സമയ ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ക്ക് പ്രചാരം കൂടുന്നത് പുതിയ സാധ്യതകള്‍ക്ക് വഴി വയ്ക്കുന്നു. കുടുംബപ്രേക്ഷകരും വാര്‍ത്താചര്‍ച്ചകളില്‍ താത്പര്യം കാണിക്കുന്നത് ശ്രദ്ധേയമായ മാറ്റമാണ്.

പരിമിതികള്‍
- ദൃശ്യങ്ങള്‍ വഴിയുള്ള ആശയവിനിമയം സാധ്യമല്ല എന്നുള്ളത് റേഡിയോയുടെ പരിമിതിയാണ്.
- റേഡിയോ സ്റ്റേഷന്‍ നടത്തിപ്പിനും സംപ്രേക്ഷനതിനും ചിലവു കൂടുതലാണ്.
- തുടര്‍ച്ചയായി കേട്ടുകൊണ്ടിരുന്നില്ലെങ്കില്‍ റേഡിയോ സന്ദേശം അപൂര്‍ണ്ണം ആകാനിടയുണ്ട്.
- രാജ്യാന്തര സംപ്രേക്ഷണത്തിന് പരിധിയുണ്ട്.
- പ്രേക്ഷകപ്രതികരണം താരതമ്യേന കുറവാണ്.
- സമയപരിമിതി മൂലം വളരെ കുറച്ചു പരസ്യങ്ങളെ സ്വീകരിക്കാന്‍ കഴിയുകയുള്ളു.
- എഫ്.എം. റേഡിയോ ഒഴികയുള്ള മറ്റു റേഡിയോ ചാനലുകള്‍ക്ക് പ്രേക്ഷകര്‍ കുറഞ്ഞുകൊണ്ടിരിക്കുന്നത് വലിയ തിരിച്ചടിയാണ്.
- കൊണ്ട്നടക്കാന്‍ കഴിയില്ല എന്നത് ടെലിവിഷന്റെ പരിമിതിയാണ്.
- ടെലിവിഷന്‍ ഇന്ന് കൂടുതലായും കുടുംബപ്രേക്ഷകരിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു.

- ഉയര്‍ന്ന നിലവാരത്തിലുള്ള പരിപാടികള്‍ക്ക് മാത്രമേ കൂടുതല്‍ പ്രേക്ഷകരെ ലഭിക്കുകയുള്ളൂ. ഇത് എല്ലാ ചാനലുകള്‍ക്കും സാധ്യമായ കാര്യമല്ല.
- പുതിയ തലമുറ സ്മാര്‍ട്ട് ഫോണ്‍ ലോകത്തിലേക്ക്‌ കൂപ്പു കുത്തുന്നത് ടെലിവിഷന് തിരിച്ചടിയാണ്.
- വാര്‍ത്താചാനലുകളുടെ ആധിക്യം അനാവശ്യ മത്സരങ്ങളിലേക്കും, സെന്‍സെഷണലിസം പോലുള്ള പ്രവണതകളിലേക്കും നയിക്കുന്നു.
- മൊബൈല്‍ ഫോണ്‍ വഴി ടെലിവിഷന്‍ കാണാന്‍ സാധിക്കുന്നത് കൊണ്ട് പാരമ്പര്യ രീതിയിലുള്ള സംപ്രേക്ഷണത്തിന് പ്രസക്തി നഷ്ടപ്പെടുന്നത് ടെലിവിഷന് വലിയൊരു തിരിച്ചടിയാണ്.

റേഡിയോ സവിശേഷതകള്‍ | Characteristics of Radio


1.      Mobile medium: ഒരിടത്ത് തന്നെ സ്ഥിരമായി വക്കെണ്ടുന്ന ആവശ്യം റേഡിയോയ്ക്കില്ല. എവിടെ വേണമെങ്കിലും കൊണ്ട് നടന്നു റേഡിയോ പ്രക്ഷേപണം ശ്രദ്ധിക്കാം. ഈയൊരു സവിശേഷത കൊണ്ടാണ് ഇതിനെ മൊബൈല്‍ അല്ലെങ്കില്‍ പോര്‍ട്ടബിള്‍ മീഡിയം എന്ന് വിളിക്കുന്നത്‌.
2.      Inexpensive Medium: റേഡിയോ സെറ്റുകള്‍ വില കുറഞ്ഞതും എളുപ്പത്തില്‍ ലഭിക്കുന്നതുമാണ്. റേഡിയോ പ്രോഗ്രാം ചെയ്യാനുള്ള ചെലവ് ടെലിവിഷനെ അപേക്ഷിച്ച് വളരെ കുറവാണ്. ഒരു അവതാരകനും മൈക്കും റിക്കാര്‍ഡറും ഉണ്ടെങ്കില്‍ റേഡിയോ പ്രോഗ്രാം ചെയ്യാന്‍ കഴിയും. റേഡിയോ സംപ്രേക്ഷണം സൌജന്യം ആണ്. അതുകൊണ്ട് തന്നെ പ്രേക്ഷകന് ഇതിനായി മറ്റു ചിലവുകള്‍ വേണ്ടി വരുന്നില്ല.
3.      Invisible medium: റേഡിയോ കേള്‍വിയുടെ മാധ്യമം ആണ്. കാഴ്ച ഇവിടെ പ്രസക്തമല്ല. റേഡിയോ കേള്‍ക്കുന്നയാല്‍ ആ മാധ്യമത്തിന്‍റെ സാന്നിധ്യത്തെപ്പറ്റി എപ്പോഴും ബോധവാനായിരിക്കണമെന്നില്ല. ഇതിനാല്‍ അദൃശ്യമാധ്യമം എന്നറിയപ്പെടുന്നു.
4.      Medium of sound:റേഡിയോ സംപ്രേക്ഷണത്തിനു മൂന്നു പ്രധാന ഘടകങ്ങളുണ്ട്. സംഭാഷണം, സംഗീതം, സൌണ്ട് ഇഫക്റ്റ്. ഈ മൂന്നു ഘടകങ്ങളും കേള്‍വിയെയാണ് തൃപ്തിപ്പെടുത്തേണ്ടത്. ഇത് മൂന്നും വേണ്ട പോലെ ഉപയോഗിച്ചാല്‍ മാത്രമേ പ്രേക്ഷകന് ആസ്വാദനം സാധ്യമാകുകയുള്ളൂ. ഇവിടെ പ്രേക്ഷകന്‍റെ ചിന്തകളെ ഉത്തേജിപ്പിക്കുന്നത് കേള്‍വിയാണ്.
5.      Intimate medium: റേഡിയോ അവതാരകന്‍ എപ്പോഴും പ്രേക്ഷന്‍ തൊട്ടടുത്ത്‌ ഉണ്ട് എന്ന ഭാവത്തില്‍ വേണം പരിപാടി അവതരിപ്പിക്കാന്‍. കേള്‍വിക്കാരനുംഇതേ അനുഭവം സൃഷ്ടിക്കാന്‍ കഴിയണം. ഇതിനായി വളരെ സരസമായും ലളിതമായും വേണം അവതാരകന്‍ സംസാരിക്കാന്‍. എന്നാലെ റേഡിയോ പരിപാടി വിജയകരമാകുകയുള്ളൂ.
6.      Secondary medium: ഇത് റേഡിയോയ്ക്ക് മാത്രമുള്ള സവിശേഷത ആണ്. പ്രേക്ഷകന് മറ്റൊരു ജോലി നിര്‍വഹിക്കുന്ന കൂട്ടത്തില്‍ റേഡിയോ പ്രക്ഷേപണം ആസ്വദിക്കാനും കഴിയും. റേഡിയോ കേള്‍വിയുടെ മാധ്യമം ആയതുകൊണ്ടാണ്‌ ഇത് സാധിക്കുന്നത്. ടെലിവിഷന്‍ പോലെ അതിനു മുന്‍പില്‍ വന്നിരിക്കേണ്ട കാര്യമില്ല.
7.      Simple language: സാധാരണ പ്രേക്ഷകന് മനസിലാകുന്ന ലളിതമായ ഭാഷയില്‍ ആയിരിക്കണം റേഡിയോ അവതരണം. സന്ദേശം എളുപ്പത്തില്‍ മനസിലാകാന്‍ ഇത് സഹായകരമാണ്. കഠിനമായ പദങ്ങള്‍ പ്രേക്ഷകനില്‍ സംശയം ഉണ്ടാക്കുകയും ആശയവിനിമയം പരാജയപ്പെടുകയും ചെയ്യും.

8.      Medium of immediacy: ബഹുജന മാധ്യമങ്ങളുടെ പൊതുവായ സവിശേഷതയാണിത്‌. ലോകത്ത് എവിടെയും എളുപ്പത്തില്‍ സന്ദേശങ്ങള്‍ എത്തിക്കാന്‍ റേഡിയോ മാധ്യമത്തിനു കഴിയും. ദേശമോ ദൂരമോ ഇവിടെ തടസ്സമാകുന്നില്ല.

ടെലിവിഷന്‍ സവിശേഷതകള്‍ | Characteristics of Television


ഒരു ദൃശ്യ-ശ്രാവ്യ മാധ്യമം എന്നാ നിലയില്‍ ജനപ്രീതിയാര്‍ജ്ജിച്ച മാധ്യമമാണ് ടെലിവിഷന്‍. ടെലിവിഷന്‍റെ പ്രധാന സവിശേഷതകള്‍ താഴെ കൊടുക്കുന്നു.
1.      Audio Visual Medium: ചിത്രങ്ങളുടെയും ശബ്ദങ്ങളുടെയും മാധ്യമമാണ് ടെലിവിഷന്‍. ഒരേ സമയം രണ്ടു ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം ഇവിടെ സാധ്യമാകുന്നു. ആശയം കൂടുതല്‍ വ്യക്തമായും കൃത്യതയോടെയും  പ്രേക്ഷകരിലെക്കെത്തുന്നു. കണ്ണ് കൊണ്ട് കാണുന്നത് കൂടുതല്‍ വിശ്വസനീയമാകുന്നത് സ്വാഭാവികമാണ്. ഇതേ സവിശേഷത കൊണ്ട് തന്നെയാണ് ടെലിവിഷന്‍ ജനപ്രീതിയാര്‍ജ്ജിച്ച മാധ്യമമായത്.
2.      Convergent Medium: പത്രം റേഡിയോ തുടങ്ങി മറ്റു വ്യത്യസ്ത മാധ്യമങ്ങളുടെ സവിശേഷതകളുടെയും ഏകോപനമാണ് ടെലിവിഷന്‍ എന്ന മാധ്യമം. ഇത്തരം മാധ്യമങ്ങളെ കന്വേര്‍ജന്റ്റ് അല്ലെങ്കില്‍ ഏകോപന മാധ്യമങ്ങള്‍ എന്ന് പറയുന്നു. ഇന്റര്‍നെറ്റ്‌ മറ്റൊരു ഉദാഹരണമാണ്.
3.      Universal Medium: വര്‍ഗ്ഗ വര്‍ണ്ണ വംശീയ വ്യത്യാസങ്ങള്‍ എപ്പോഴും ആശയവിനിമയത്തിന് തടസ്സമാകാറുണ്ട്. എന്നാല്‍ ഇത്തരം പ്രതിബന്ധങ്ങള്‍ മറികടക്കാന്‍ കഴിയുന്ന ഭാഷ ഒരു വിലങ്ങുതടിയല്ലാത്ത, ഒരു സാര്‍വത്രികമാധ്യമമാണ് ടെലിവിഷന്‍.
4.      Popular Medium: നിരക്ഷരത ടെലിവിഷന്‍ ഉപയോഗത്തിന് തടസ്സമാകുന്നില്ല. എല്ലാവര്ക്കും ഒരേ പോലെ ഉപയോഗിക്കുകയും ഒരേ സമയം വിനോദവും വിജ്ഞാനവും ലഭിക്കുകയും ചെയ്യുന്ന പൊതുജനസ്വീകാര്യതയുള്ള മാധ്യമമാണ് ടെലിവിഷന്‍.
5.      Medium of Credibility: കാഴ്ചക്കാണ് കൂടുതല്‍ വിശ്വാസ്യത ലഭിക്കുന്നത്. ഒരേ സമയം കാഴ്ചക്കും കേള്‍വിക്കും തുല്ല്യ പ്രാധാന്യം കൊടുക്കുന്നതിനാല്‍ ടെലിവിഷന്‍ വിശ്വാസ്യതയുടെ മാധ്യമമായും കണക്കാക്കപ്പെടുന്നു.
6.      Glamour Medium: ടെലിവിഷനില്‍ മുഖം കാണിക്കാന്‍ അവസരം ലഭിക്കുന്നത് സിനിമയേക്കാള്‍ ജനശ്രദ്ധ നേടാവുന്ന കാര്യമാണ്. ദൃശ്യമാധമങ്ങളില്‍ ഏറ്റവും ജനകീയം ടെലിവിഷന്‍ ആയതുകൊണ്ടാണിത്. വ്യക്തികള്‍ക്ക് മറ്റേതു മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ ശ്രദ്ധയും പ്രശസ്തിയും ടെലിവിഷന്‍ വഴി ലഭിക്കും.
7.      Living room Medium/ Domestic or Family Medium: ടെലിവിഷന്‍ എന്നും ഒരു കുടുംബമാധ്യമം ആണ്. കുടുംബാംഗങ്ങള്‍ ഒരുമിച്ചാണ് പലപ്പോഴും ടെലിവിഷന്‍ പരിപാടികള്‍ ആസ്വദിക്കുന്നത്. ഒരു ഗൃഹത്തില്‍ സ്വീകരണമുറിയില്‍ ആയിരിക്കും ടെലിവിഷന്‍റെ സ്ഥാനം. സാമൂഹികമൂല്യങ്ങള്‍ ബന്ധങ്ങള്‍ ഇവയ്ക്കു പ്രാധാന്യം കൊടുക്കുന്നവയാണ് കൂടുതല്‍ ടെലിവിഷന്‍ പരിപാടികളും.
8.      Medium of Immediacy/ Live medium: ലോകത്തില്‍ നടക്കുന്ന ഏതു സംഭവങ്ങളും നിമിഷങ്ങള്‍ക്കകം പ്രേക്ഷകരുടെ സ്വീകരണമുറിയില്‍ എത്തിക്കാന്‍ ടെലിവിഷന് കഴിയുന്നു. ഔട്ട്‌ഡോര്‍ ബ്രോഡ്കാസ്റ്റിംഗ് വാനുകള്‍ (OB Van) ലൈവ് ടെലികാസ്റ്റ് മുതലായ സാങ്കേതികവിദ്യകളുടെ ഉപയോഗം കൊണ്ട് ഇത് ഫലപ്രദമായി നടത്താന്‍ കഴിയും.

9.      Advertisers Medium: പരസ്യങ്ങളുടെ ദൃശ്യാവിഷ്കരണം ജനങ്ങളെ കൂടുതല്‍ സ്വാധീനിക്കും എന്നതുകൊണ്ട്‌ തന്നെ പരസ്യ നിര്‍മ്മാതാക്കള്‍ മറ്റേതു മധ്യമങ്ങളെക്കാളും പ്രാധാന്യം ടെലിവിഷന് നല്‍കുന്നു. പരസ്യങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത കൊടുക്കാനും ടെലിവിഷന്‍ മാധ്യമത്തിനു സാധിക്കും.

Online Advertising | നവ മാധ്യമ പരസ്യങ്ങള്‍


മറ്റു മാധ്യമങ്ങളിലെ പരസ്യങ്ങളെപ്പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ് ഓണ്‍ലൈന്‍ പരസ്യങ്ങള്‍. ഓണ്‍ലൈന്‍ മാര്‍ക്കെറ്റിംഗ്, സോഷ്യല്‍ മീഡിയ മാര്‍ക്കെറ്റിംഗ്, ഇ-മെയില്‍ മാര്‍ക്കെറ്റിംഗ് എന്നിവ ഇതിന്റെ വിഭാഗങ്ങളാണ്. സമയം സ്ഥലം എന്നിവയുടെ പരിധികള്‍ ഇല്ലാതെ പരസ്യങ്ങള്‍ ലോകത്തില്‍ എവിടെയുമുള്ള പ്രേക്ഷകനിലേക്ക് കുറഞ്ഞ ചെലവില്‍ നേരിട്ടെത്തിക്കാം എന്നതാണ് ഓണ്‍ലൈന്‍ പരസ്യങ്ങളുടെ മേന്മ. ഒരിക്കല്‍ പ്രസിദ്ധീകരിച്ചാല്‍ പിന്നീടും മാറ്റങ്ങള്‍ വരുത്താം എന്നതും ഒരു സവിശേഷതയാണ്. ചെറുകിട വ്യവസായികള്‍ ആണ് കൂടുതലായും ഇതിനെ ആശ്രയിക്കുന്നത്. ഗൂഗിള്‍, യാഹൂ എന്നിവരാണ് ഈ മേഖലയിലെ വമ്പന്മാര്‍. 

Jingle in Commercials


പരസ്യങ്ങള്‍ക്കൊപ്പം ഉള്‍പ്പെടുത്തുന്ന ഗാനശകലങ്ങലാണ് ജിംഗിളുകള്‍. പ്രക്ഷേപണ മാധ്യമങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന പരസ്യങ്ങളിലാണ് ജിംഗിള്‍ ഉപയോഗിക്കുന്നത്. പരസ്യങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാനും, പ്രേക്ഷകന്‍റെ മനസ്സില്‍ ആഴത്തില്‍ പതിപ്പിക്കാനും ഇവ സഹായിക്കുന്നു. ചില പരസ്യ ജിംഗിളുകള്‍ സിനിമാഗാനങ്ങളെക്കാള്‍ പ്രചാരം കൈവരിച്ചിട്ടുണ്ട്. ഇവ സ്ലോഗന്‍ ആയും ഉപയോഗിക്കുന്നു. വിവിധ റേഡിയോ സ്റെഷനുകളും സ്വന്തമായി ജിംഗിള്‍ ഉപയോഗിക്കാറുണ്ട്. ഉദാ: “ടണ്‍ കണക്കിന് ഫണ്‍”, “കേള്‍ക്കു കേള്‍ക്കു കേട്ട് കൊണ്ടേ ഇരിക്കൂ”. ചില പരസ്യ ജിംഗിളുകള്‍ ഒരു പരസ്യത്തിന്‍റെ വ്യക്തിത്വം തന്നെയായി മാറാറുണ്ട്. ഉദാഹരണത്തിന് വനമാല വാഷിംഗ് സോപ്പ്, ഭീമ ജ്വേല്ലെര്സ് എന്നീ പരസ്യങ്ങളുടെ ജിംഗിളുകള്‍. പരസ്യങ്ങളുടെ ഒരു അവിഭാജ്യം ഘടകം കൂടിയാണ് ജിംഗിളുകള്‍. ഒരിക്കല്‍ പ്രേക്ഷകര്‍ക്കിടയില്‍ പ്രചാരം നേടിക്കഴിഞ്ഞാല്‍ പിന്നെ വര്‍ഷങ്ങളോളം ഉല്പന്നത്തിന്റെ മുഖമുദ്രയായിരിക്കും ഇവ. ഉല്പന്നം ലക്‌ഷ്യം വയ്ക്കുന്ന പ്രേഷകരുടെ പ്രായം, സംസ്കാരം എന്നിവ ജിംഗിള്‍ ഉണ്ടാക്കുന്നതില്‍ പ്രധാനമാണ്. പ്രേക്ഷകരെ വികാരപരമായും സ്വാധീനിക്കാന്‍ ഇവയ്ക്കാകും. ജിംഗിള്‍ കേട്ടുകൊണ്ട് പ്രേക്ഷകന് ഉല്പന്നം ഏതാണെന്ന് ഓര്‍ത്തെടുക്കാന് കഴിയുന്നിടത്താണ് ഇവയുടെ പ്രാധാന്യം വ്യക്തമാകുന്നത്. 

Copy Writing for Broadcast Media


മാധ്യമങ്ങള്‍ മാറുന്നതിനനുസരിച്ച് കോപ്പി എഴുത്തിലും മാറ്റം സംഭവിക്കും. പത്രങ്ങളിലും പ്രക്ഷേപണ മാധ്യമങ്ങളിലും കോപ്പിയെഴുത്തിനു ഉപയോഗിക്കുന്ന രീതി വ്യത്യസ്തമാണ്. പത്രങ്ങള്‍ വിവരങ്ങള്‍ക്കും വസ്തുതകള്‍ക്കും പ്രാധാന്യം കൊടുക്കുന്നവയാണ്. അതുകൊണ്ട് പത്ര-കോപ്പികളില്‍ പ്രധാനപ്പെട്ട ബിസിനസ് വിവരങ്ങള്‍ മാത്രം കൊടുക്കുന്നു. മാധ്യമങ്ങളുടെ രീതിക്കനുസരിച്ച് കോപ്പിയെഴുത്തില്‍ ഉള്‍പ്പെടുന്ന ഘടകങ്ങളിലും മാറ്റം വരുന്നു.
പ്രക്ഷേപണമാധ്യമങ്ങള്‍ പൊതുവേ സമയാധിഷ്ടിതമാണ്. റേഡിയോ പരസ്യങ്ങളില്‍ വാക്കുകള്‍, മ്യൂസിക്, sound effects എന്നിവയ്ക്കാണ് പ്രാധാന്യം. ഇരുപതു മുതല്‍ മുപ്പതു നിമിഷങ്ങള്‍ക്കുള്ളില്‍ കേള്‍വിക്കാരന്റെ മനസ്സില്‍ ഉത്പന്നത്തെക്കുറിച്ച് ഒരു രൂപം സൃഷ്ട്ടിക്കാന്‍ പരസ്യങ്ങള്‍ക്ക് കഴിയണം. സന്ദേശങ്ങള്‍, ഗാനങ്ങള്‍, ചെറുനാടകങ്ങള്‍ എന്നീ രൂപങ്ങളിലാണ് റേഡിയോ പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത്. കേള്‍വിക്കാരില്‍ സമ്മിശ്ര വികാരങ്ങള്‍ ഉണ്ടാക്കാന്‍ ഇത്കൊണ്ട് സാധിക്കും.

ടെലിവിഷന്‍ പരസ്യങ്ങള്‍ക്ക് കോപ്പി എഴുതുമ്പോള്‍ ദൃശ്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത്. മുഖാമുഖം നടക്കുന്ന വിനിമയമാണ്‌ ടെലിവിഷന്‍ പരസ്യങ്ങള്‍.     

Trade Name and Brand Name


കമ്പനിക്കു സമൂഹത്തില്‍ തിരിച്ചറിയപ്പെടുന്ന വ്യക്തിത്വം രൂപവത്കരിക്കുന്നതില്‍ പ്രധാനമാണ് ഇവ രണ്ടും. നിയമപരമായി രെജിസ്ടര്‍ ചെയ്യുന്നതിലൂടെ കമ്പനിക്കു മാത്രമായി ഇവ ഉപയോഗിക്കുവാന്‍ സാധിക്കുന്നു.

Trade Name (Trade Marks): ഉത്പാദകരായ കമ്പനിയുടെ പേരു അല്ലെങ്കില്‍ ചിഹ്നം ആണ് ട്രേഡ് നെയിം. ഇത് ബ്രാന്‍ഡ്‌ നാമത്തില്‍ നിന്നും വ്യത്യസ്തം ആണ്. മാരുതി- സുസുകി എന്നത് ട്രേഡ് നാമവും, സ്വിഫ്റ്റ് എന്നത് ബ്രാന്‍ഡ്‌ നാമവും ആണ്.

Brand Name: ഉത്പന്നത്തിന് ഉത്പാദകര്‍ നല്‍കുന്ന പേരാണ് ബ്രാന്‍ഡ്‌ നാമം. ഉപഭോക്താക്കള്‍ പലപ്പോഴും ബ്രാന്‍ഡ്‌ നാമം വച്ചാണ് ഉത്പന്നങ്ങളെ തിരിച്ചറിയുന്നത്‌. ഉദാഹരണത്തിന് നീലത്തിനു പലരും ഉജാല എന്ന് പറയാറുണ്ട്‌. ഇവിടെ നീലം ഉല്‍പന്നവും ഉജാല ബ്രാന്‍ഡ് നാമവും ആണ്.

ട്രേഡ്/ ബ്രാന്‍ഡ്‌ നാമങ്ങളുടെ പ്രത്യേകതകള്‍
-- അതുല്യമായ നാമങ്ങളോ ചിഹ്നങ്ങളോ എളുപ്പത്തില്‍ ഓര്‍മ്മയില്‍ തങ്ങി നില്കുന്നവയാണ്. ഇത് മറ്റു ഉത്പന്നങ്ങളില്‍ നിന്നും വേര്‍തിരിച്ചറിയുന്നത് സഹായിക്കുന്നു.
-- മൂല്യം, വ്യക്തിത്വം, വിശ്വാസം, പ്രൌഡി എന്നീ ഗുണങ്ങളെ സൂചിപ്പിക്കുന്നതായിരിക്കണം ട്രേഡ് നെയിം അല്ലെങ്കില്‍ ട്രേഡ് മാര്‍ക്ക്. ഉദാ: വി- ഗാര്‍ഡ്, റിലയന്‍സ്.
-- പ്രവര്‍ത്തനമേഖലക്ക് അല്ലെങ്കില്‍ ഉത്പന്നത്തിന് അനുചിതമായിട്ടുള്ള പേരായിരിക്കണം. ഉദാ: ഒരു stabilizer കമ്പനിക്കു യോജിക്കുന്ന പേരാണ് വി- ഗാര്‍ഡ്. മംഗോ ഫ്രൂട്ടി എന്ന പേര് തന്നെ ഉല്പന്നം എന്താണെന്ന് സൂചിപ്പിക്കുന്നു.

=- എളുപ്പത്തില്‍ പറയാനും ഓര്‍ത്തെടുക്കാനും എഴുതാനും വായിക്കാനും കഴിയുന്ന പേരായിരിക്കണം.

Logo and Illustration


Logo

സ്ഥാപനങ്ങളെ അല്ലെങ്കില്‍ കമ്പനികളെ പ്രതിനിധാനം ചെയ്യുന്ന ചിഹ്നമോ മുദ്രയോ ആണ് ലോഗോ. ഉപഭോക്താക്കള്‍ക്കിടയില്‍ ഒരു സവിശേഷവ്യക്തിത്വം രൂപപ്പെടുത്താനും, പെട്ടെന്ന് തിരിച്ചറിയപ്പെടാനും ലോഗോ സഹായിക്കുന്നു. സ്ഥാപനത്തിന്‍റെ പേര് ഉള്‍കൊള്ളുന്നതും(Wordmarks) അല്ലാത്തതുമായ(Symbols/Icons) ലോഗോ ഉണ്ട്. കൊക്കോകോള, ഐ.ബി.എം എന്നിവയുടെ എഴുത്ത്ശൈലി ആണ് അവയെ കമ്പനിയുടെ ലോഗോ ആക്കിമാറ്റുന്നത്. ട്രേഡ് മാര്‍ക്ക്‌, ബ്രാന്‍ഡ്‌ എന്നിവയ്ക്കും ലോഗോ ഉണ്ടായിരിക്കാം. ചില ചിഹ്നങ്ങള്‍ കമ്പനിയുടെ വ്യക്തിത്വത്തിന്റെ കൂടെ ഭാഗമാണ്. അവയ്ക്കൊപ്പം കമ്പനിയുടെ പേര് ഉള്‍പ്പെടുത്തിയില്ലെങ്കിലും ജനങ്ങള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയും. റെഡ് ക്രോസ്, യു. എന്‍ ലോഗോ എന്നിവ ഉദാഹരണങ്ങളാണ്. ഭാഷക്ക് അതീതമായി പ്രവര്‍ത്തിക്കാനും ചിഹ്നങ്ങള്‍ക്ക് സാധിക്കും. ഇംഗ്ലീഷ് വായിക്കാന്‍ അറിയാത്തവര്‍ക്കും കൊക്ക കോളയുടെ ചിഹ്നത്തില്‍ നിന്നും ഉല്പന്നം തിരിച്ചറിയാന്‍ കഴിയും. എഴുത്തിന്റെ ശൈലി, നിറം, രൂപം, എന്നിവയാണ് ഇക്കാര്യത്തില്‍ സഹായകരമാകുന്നത്.

Illustration
പരസ്യത്തില്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളെയും ഫോട്ടോകളെയുമാണ് ഈ വിഭാഗത്തില്‍ പെടുത്തുന്നത്. പരസ്യങ്ങള്‍ നിറപ്പകിട്ട് നല്‍കുന്നതിലും അര്‍ത്ഥവത്താക്കുന്നതിലും ഇവ മുഖ്യപങ്കു വഹിക്കുന്നു. 

പരസ്യ കോപ്പിയുടെ ഘടകങ്ങള്‍ | Copy Writing Elements


1. Main Headline
ഒരു പരസ്യ കോപ്പിയില്‍ ആദ്യം ശ്രദ്ധിക്കുക തലക്കെട്ട്‌ ആയിരിക്കും. ശക്തമായ തലക്കെട്ടിനു മാത്രമേ ആസ്വാദകരെ ആകര്‍ഷിക്കുവാന്‍ സാധിക്കുകയുള്ളൂ. പരസ്യത്തിന്‍റെ വിപണനതന്ത്രം വലിയൊരു പരിധി വരെ പ്രതിപാദിക്കുന്നത് അതിന്റെ തലക്കെട്ടിലൂടെയാണ്. മാധ്യമം ഏതായാലും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രധാനമായും നിര്‍വഹിക്കുന്നത് തലക്കെട്ടുകളാണ്.

2. Sub head
തലക്കെട്ടിനെക്കാള്‍ പ്രാധാന്യം കുറഞ്ഞതും എന്നാല്‍ ഉപഭോക്താക്കളുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതുമായ വിവരങ്ങളാണിവ.

3. Body Copy
പരസ്യ കോപ്പിയിലെ ഉള്ളടക്കം ആണ് ബോഡി. ഇതില്‍ ഉല്പന്നത്തിന്റെ വിവരങ്ങള്‍, മറ്റു സേവനങ്ങള്‍ എന്നീ വിവരങ്ങളാണ് ഉള്പെട്ടിട്ടുള്ളത്. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രീതിയിലുള്ള പ്രയോഗങ്ങളാണ് ഇതില്‍ ഉപയോഗികുന്നത്. പരസ്യ ദാതാവ് ഉള്‍പെടുത്താന്‍ ഉദ്ദേശിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബോഡി കോപ്പി വലുതോ ഹ്രസ്വമോ  ആകാം. പ്രേക്ഷകരില്‍ താത്പര്യം ജനിപ്പിക്കുന്നതിനായി ഒരേ സമയം വികാരങ്ങളെ ചൂഷണം ചെയ്യുന്നതും എന്നാല്‍ യുക്തിഭദ്രവുമായ വസ്തുതകളാണ് ബോഡി കോപ്പിയില്‍ ഉള്‍പെടുത്തുന്നത്‌.

4. Captions
ചിത്രങ്ങള്‍, ഫോട്ടോകള്‍ എന്നിവയ്ക്ക് കീഴില്‍ കൊടുക്കുന്ന ചുരുങ്ങിയ വിവരണങ്ങളാണ് കാപ്ഷന്‍സ്. സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാനും ഇവ ഉപയോഗിക്കുന്നു. വലുപ്പം കുറഞ്ഞ അക്ഷരങ്ങളിലാണ് കാപ്ഷന്‍ കൊടുക്കുന്നത്. ഉദാ: “ഈ ഓഫര്‍ ഒരു മാസത്തേക്ക് മാത്രം.”

5. Blurb
പത്ര പരസ്യത്തിലെ സംഭാഷണ ശകലങ്ങളെയാണ് ബ്ലര്ബുകള്‍ എന്ന് പറയുന്നത്. ബലൂണ്‍ രൂപത്തിലാണ് ഇവ കൊടുക്കുന്നത്. ചിത്രങ്ങള്‍ അഥവാ ഇല്ല്യുസ്ട്രെഷനുകള്‍ എന്ന ഗണത്തില്‍ ഇവ പെടുത്താം. ബ്ലാര്ബുകള്‍ മാത്രം ഉള്‍കൊള്ളിച്ചു പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. കോമിക് സ്ട്രിപ് മാതൃകയാണ് ഇത്തരത്തിലുള്ള പരസ്യങ്ങള്‍ അവലംബികുന്നത്.

6. Boxes and Panels
ക്യാപ്ഷനുകള്‍ തന്നെ പ്രാധാന്യത്തോടെ കൊടുക്കുന്നതിനാണ് ബോക്സുകള്‍ അല്ലെങ്കില്‍ പാനലുകള്‍ ഉപയോഗിക്കുന്നത്. പരസ്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം എന്ന് കരുതുന്ന വിവരങ്ങള്‍ ഒരു ചതുരത്തിനുള്ളില്‍ കൊടുക്കുന്നതോടെ, ബാകിയുള്ളവയില്‍ നിന്നും അവ എടുത്തു നില്കുന്നു. കൂപ്പണുകള്‍, പ്രത്യേക ഓഫറുകള്‍, മത്സരങ്ങള്‍ എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താനാണ് ഇവ ഉപയോഗിക്കുന്നത്.

7. Slogans, Logo types and Signatures
സ്ലോഗന്‍: പരസ്യധാതാവായ കമ്പനിയുടെ മുദ്രാവാക്യം ആണ് സ്ലോഗന്‍. “Yeh Dhil Maange Mor”, “Desh Ki Dhadkan”, “What an Idea” മുതലായവ ഇതിനു ഉദാഹരണമാണ്. ലോഗോ, സിഗ്നേച്ചര്‍: കമ്പനിയെ പ്രതിനിധാനം ചെയ്യുന്ന ചിഹ്നം, മുദ്ര, ട്രേഡ് മാര്‍ക്ക് എന്നിവയെയാണ് ലോഗോ ടൈപ്എന്ന് വിശേഷിപ്പിക്കുന്നത്. ‘സിഗ്നേച്ചര്‍’ എന്നും ഇവയെ പറയാറുണ്ട്‌. അഡ്രസ്‌, ഫോണ്‍നമ്പര്‍ മുതലായ വിവരങ്ങളും ഇതില്‍ ഉള്പെടുത്തുന്നു. പരസ്യം ആരുടെയാണെന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാനും പരിചിതം ആക്കുവാനും ഇവ സഹായിക്കുന്നു.

8. Strapline
സ്ട്രാപ്പ്-ലൈന്‍, ടാഗ്ലൈന്‍ എന്നും പറയപ്പെടുന്നു. ലോഗോയ്ക്ക് കീഴെയാണ് ഇവയുടെ സ്ഥാനം. ഉല്പന്നത്തിന്റെ മൂല്യം മനസ്സില്‍ തങ്ങുന്ന, ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കുക എന്നതാണ് സ്ട്രാപ്പ്-ലൈനിന്‍റെ ഉദ്ദേശ്യം. BPL- Believe in the Best, Nokia- Connecting People, Raymond’s – The Complete Man എന്നിവ ഉദാഹരണങ്ങളാണ്.

9. Extras
ചില പത്രപരസ്യങ്ങള്‍ക്കൊപ്പം കൂപ്പണുകള്‍, പ്രോഡക്റ്റ് സാമ്പിള്‍, ടിപ്സ് ഷീറ്റ്, ബിസിനസ് റിപ്ലൈ എന്‍വലപ്പ് എന്നിവ ഉള്പെടുത്താറുണ്ട്.

പരസ്യ ഡിസൈന്‍ തത്വങ്ങള്‍
പരസ്യകല വിദഗ്ദ്ധനായ David Oglivy രൂപപ്പെടുത്തിയ ക്രമരേഖയാണ് Ogilvy ഫോര്‍മുല എന്നറിയപ്പെടുന്നത്. ഡിസൈനിംഗ്ന് അടിസ്ഥാനമായി ഈ ഫോര്‍മുല ഉപയോഗിക്കുന്നു. വിഷ്വല്‍, ഹെഡ്-ലൈന്‍, കാപ്ഷന്‍, കോപ്പി, സിഗ്നേച്ചര്‍ എന്നീ ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ ഫോര്‍മുല.
1.      വിഷ്വല്‍ പേജിന്റെ മുകളില്‍ ആയിരിക്കണം.
2.      ചിത്രങ്ങള്‍ക്ക് വിവരണങ്ങള്‍ ഉള്‍കൊള്ളുന്ന കാപ്ഷനുകള്‍ നല്‍കണം.
3.      ഇതിനു ശേഷമാണ് ഹെഡ്-ലൈന്‍ നല്‍കേണ്ടത്.
4.      ഇതിനെ തുടര്‍ന്ന് പ്രധാന പരസ്യ കോപ്പി നല്‍കണം.

5.      പേജിന്റെ താഴെ വലതു വശത്താണ് സിഗ്നേച്ചര്‍ അല്ലെങ്കില്‍ Contact Information നല്‍കേണ്ടത്. വായനക്കാരന്‍ ഏറ്റവും ഒടുവില്‍ ശ്രദ്ധ പതിപ്പിക്കുന്ന ഇടം ഇതാണ്.

കോപ്പി റൈറ്റിംഗ് ചുമതലകൾ | Functions of Copy Writing


ആകര്ഷണം , പ്രേരണ, പ്രചോദനം എന്നിവയാണ് കോപ്പി റൈറ്റിംഗിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇതിനായി വാക്കുകളുടെ ഉപയോഗം ഏറ്റവും ഫലപ്രദവും സ്പഷ്ടവും ലക്ഷ്യത്തിൽ ഊന്നിയുമുള്ളതായിരിക്കനം. വാക്കുകളുടെ തെരഞ്ഞെടുപ്പും, ക്രമവും പരസ്യത്തെ വലിയ രീതിയിൽ സ്വാദീനിക്കും. ഇതിനായി ഓരോ കോപ്പി റൈറ്ററും മുൻ‌തൂക്കം കൊടുക്കുന്ന ചില വസ്തുതകൾ ഉണ്ട്:
1. ഉല്പന്നം ലക്‌ഷ്യം വയ്ക്കുന്ന ഉപ്ഭോക്താക്കളെ തിരിച്ചറിയുക.
2.സാങ്കേതിക പ്രയോഗങ്ങൾ ഒഴിവാക്കുക. ഇത് പ്രേക്ഷകരിൽ ആശയക്കുഴപ്പം സൃഷ്ടിക്കും.
3. കോപ്പി എഴുതുമ്പോൾ ഉപഭോക്താവിന്റെ ഭാഷ ഉപയോഗിക്കുക.
4. ദീര്ഗ്ഗമായ വാചകങ്ങൾ ഒഴിവാക്കുക.
5. ലളിതമായ ഭാഷയും വാചകങ്ങളും ഉപയോഗിക്കുക.
6. വസ്തുതകള്‍ വ്യക്ത്മാക്കുക.
7. സേവനങ്ങളെപ്പറ്റി വ്യക്തമായ വിവരണങ്ങള്‍ നല്‍കുക.
8. സര്‍ഗ്ഗാത്മകമായി പ്രയോഗങ്ങള്‍ ചേര്‍ക്കുക.
9. പരസ്യ കോപ്പി തിരുത്തുകള്‍ക്ക് വിധേയമാക്കുക. 

കോപ്പി റൈറ്റിംഗ് പരസ്യ മേഖലയിൽ | Copy Writing


പരസ്യമേഖലയിൽ  കോപ്പി എന്നത് പരസ്യത്തിന്റെ ഉള്ളടക്കത്തിനെ സൂചിപ്പിക്കുന്നു. കോപ്പി എഴുത്ത് പരസ്യകലയുടെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. പരസ്യ കോപ്പി (Ad Copy) എന്നത് പരസ്യത്തിന്റെ ഉള്ളടക്കമാണ്. പരസ്യങ്ങൾക്കായി കോപ്പിയെഴുതുന്നവർ Copywriters എന്നറിയപ്പെടുന്നു. ഉപഭോക്താവിനെ ആകര്ഷിക്കുക അയാളിൽ താത്പര്യം ജനിപ്പിക്കുക എന്നതാണ് കോപ്പിയെഴുത്ത്തിന്റെ  പ്രധാന ഉത്തരവാദിത്വം. എല്ലാ വിധ മാധ്യങ്ങളും കൊപ്പിയെഴുതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നു. മിക്ക കോപ്പിയെഴുത്തുകാരും ഒരു സ്ഥാപനത്തിന്റെ ഭാഗം ആയിരിക്കും. പരസ്യ ഏജൻസികൾ, പബ്ലിക് റിലേഷൻ സ്ഥാപനങ്ങൾ, കമ്പനികളിലെ പരസ്യവിഭാഗം എന്നിവര് കോപ്പിയെഴുത്തുകാരുടെ സേവനം പ്രയോജനപ്പെടുത്തുന്നു. സ്വതന്ത്രമായും കോപ്പിയെഴുത്തുകാർ പ്രവര്ത്തിക്കാറുണ്ട്. പരസ്യത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പരിപൂർണ്ണ  ഉത്തരവാദിത്വം കോപ്പിയെഴുത്തുകാര്ക്കാണ്. ഇന്റര്നെറ്റ് സാങ്കേതികവിദ്യ സ്വന്തന്ത്ര എഴുത്തുകാര്ക്ക് വലിയ പ്രചാരം നേടിക്കൊടുക്കുന്നതിൽ സഹായിച്ചിട്ടുണ്ട്. 

പരസ്യങ്ങള്‍ | Types of Advertisements


Surrogate advertising സറോഗേറ്റ് പരസ്യങ്ങള്‍
ലഹരി ഉല്പന്നങ്ങള്‍ ഉത്തേജന മരുന്നുകള്‍ എന്നിവയുടെ പരസ്യപ്രചാരണം നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. മറ്റൊരു ഉല്പന്നത്തിന്‍റെ മറ പറ്റി മാത്രമേ ഇവയ്ക്ക് പരസ്യം നല്‍കാന്‍ സാധിക്കുകയുള്ളൂ. ഇത്തരം പരസ്യങ്ങള്‍ സറോഗേറ്റ് പരസ്യങ്ങള്‍ എന്നറിയപ്പെടുന്നു. ഇവിടെ നിരോധിക്കപ്പെട്ട ഉല്പന്നം നേരിട്ട് പരസ്യം ചെയ്യാത്തതിനാല്‍ നിയമപ്രശ്നങ്ങള്‍ ബാധിക്കുന്നില്ല. എന്നാല്‍ പരസ്യത്തില്‍ ബ്രാന്‍ഡ് നാം വ്യക്തമായി ഉള്‍കൊള്ളിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. സിഗരറ്റ്, മദ്യം മുതലായ ഉത്പന്നങ്ങളുടെ പ്രചാരണത്തിനാണ് ഇവ ഉപയോഗികുന്നത്. ഉദാഹരണത്തിന് മദ്യബ്രാന്‍ഡ്‌ പരിചയപ്പെടുത്തുന്നതിനു ക്ലബ് സോഡയുടെയോ മറ്റോ പരസ്യം ഉപയോഗിക്കുന്നത് ഈ വിഭാഗത്തില്‍ പെടുത്താം. സാധാരണയായി മദ്യബ്രാന്‍ഡുകള്‍ പരസ്യം ചെയ്യാനായി മിനറല്‍ വാട്ടര്‍, സോഡാ, കൂള്‍ ഡ്രിങ്ക്സ് എന്നിവയാണ് മറയായി ഉപയോഗിക്കുന്നതെങ്കിലും, ഈയിടെയായി, മ്യൂസിക് സി.ഡി, ചിപ്സ് എന്നിവ വരെ പരസ്യധാതാക്കള്‍ ഉപയോഗിച്ച് കാണുന്നു. ബക്കാര്‍ഡി മ്യുസിക് സി ഡി, ബാഗ്പൈപ്പര്‍ ക്ലബ് സോഡ എന്നിവയും ഉദാഹരണങ്ങളാണ്. ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക് ബ്രാന്‍ഡ് നാമം കാണുമ്പോള്‍ തന്നെ യഥാര്‍ത്ഥ ഉല്പന്നം ഏതാണെന്ന് മനസിലാക്കാനും സാധിക്കുന്നു.
Infomercials ഇന്‍ഫോമേഷ്യല്‍സ്
ഇന്‍ഫോര്‍മേഷന്‍, കമേര്‍ഷ്യല്‍ എന്നീ വാക്കുകളുടെ സങ്കലനമാണ് ഈ പദം. ഇവയുടെ പ്രധാന ലക്ഷ്യം ഉല്പന്നത്തെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ്. സാധാരണ പരസ്യങ്ങളെക്കാള്‍ കൂടുതല്‍ സമയം സംപ്രേഷണം ചെയ്യപ്പെടുന്നവയാണ് ഇന്‍ഫോര്‍മേഷ്യല്‍ പരസ്യങ്ങള്‍. അഞ്ചു മിനിട്ടോ അതില്‍ കൂടുതലോ സമയം ഇത്തരം പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യപ്പെടുന്നു. ഉത്പന്നം പരിചയപ്പെടുത്താനും ഗുണങ്ങള്‍ വിവരിക്കാനും പ്രേക്ഷകര്‍ക്ക്‌ മുന്‍പില്‍ പ്രവര്‍ത്തനരീതി വിശധീകരിക്കാനും ഇവയിലൂടെ സാധിക്കുന്നു. ഒരു മുഴുനീള പ്രോഗ്രാമായും ഇവ സംപ്രേഷണം ചെയ്യപ്പെടാറുണ്ട്. ഉത്പന്നത്തെക്കുറിച്ചുള്ള അനുഭവസ്ഥരുടെ വിവരണങ്ങളും ഇവയില്‍ ഉള്‍പ്പെടും. പ്രക്ഷേപണ മാധ്യമങ്ങളായ ടിവി, റേഡിയോ എന്നിവ ഇത്തരം പരസ്യങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്നു. ടെലെഫോണ്‍ വഴി ഉല്പന്നം ഓര്‍ഡര്‍ ചെയ്യാനും സാധിക്കും. ടെലെബ്രാന്‍ഡ്ഷോ, ടെലെഷോപ്പി എന്നിവ ഉദാഹരണങ്ങള്‍ ആണ്.

Billboard advertising
പരസ്യങ്ങള്‍ക്കായി മാത്രം സ്ഥാപിക്കുന്ന പലകകള്‍ ആണ് ബില്‍ബോര്‍ഡുകള്‍. റോഡരുകിലോ മറ്റു ജനസാന്ദ്രമേഖലകളിലോ ആണ് ഇവ സ്ഥാപിക്കുന്നത്.

In-store advertising
ഷോപ്പിംഗ്‌ മാളുകളിലോ മറ്റു കടകള്‍ക്കുള്ളിലോ സ്ഥാപിക്കുന്ന പരസ്യങ്ങളാണിവ.
Product placements or Covert advertising
സിനിമ, സീരിയല്‍ മുതലായ മാധ്യമങ്ങള്‍ ഉപയോഗിച്ച് കൊണ്ടുള്ള പ്രചാരണം ആണ് കവര്ട്ട് പരസ്യങ്ങള്‍. പ്രധാന കഥാപാത്രം ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, ഷൂസുകള്‍, വാഹനങ്ങള്‍; പശ്ചാത്തലത്തില്‍ കാണപ്പെടുന്ന പരസ്യബോര്‍ഡുകള്‍ മുതലായവ ഈ ഗണത്തില്പ്പെടുന്നു.
Celebrity branding or Endorsement Advertising
താരമൂല്യം ഉള്ള വ്യക്തികളെ ഉത്പന്നങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്ന രീതിയാണിത്. സിനിമാ-സ്പോര്‍ട്സ് താരങ്ങള്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ വിശ്വാസ്യത ഉണ്ടാകും. അവരെ അനുകരിക്കാന്‍ നിരവധി പേരുണ്ടാകും. ഈ വിശ്വാസ്യതയെ മുതലെടുക്കുന്ന പരസ്യങ്ങള്‍ താരങ്ങളെ വച്ച് തങ്ങളുടെ ഉത്പന്നത്തിന്‍ പ്രചാരം കൊടുക്കുന്നു.

Press advertising അച്ചടിപരസ്യങ്ങള്‍

അച്ചടിമാധ്യമങ്ങളായ പത്രം, മാഗസിന്‍ എന്നിവയില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളാണ് അച്ചടിപരസ്യങ്ങള്‍. ഒരേ സമയം വലിയൊരു വിഭാഗം വായനക്കാരിലേക്ക് പരസ്യം എത്തിക്കാന്‍ കഴിയുന്നു എന്നത് ഇതിന്‍റെ പ്രത്യേകതയാണ്. അതുപോലെ തന്നെ ആവശ്യത്തിനനുസരിച്ച് പ്രാദേശിക പത്രങ്ങളില്‍ മാത്രമായും പരസ്യം കൊടുക്കാന്‍ കഴിയുന്നു. പരസ്യദാതാക്കളുടെ  താത്പര്യം അനുസരിച്ച് പ്രത്യേക പേജുകളിലായി (ആരോഗ്യം, കാര്‍ഷികം, സ്പോര്‍ട്സ്, വിദ്യാഭ്യാസം) പരസ്യം കൊടുക്കുന്നതിലൂടെ തല്പരരായ വായനക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കുന്നു. ഒരു പ്രത്യേക മേഖലയില്‍ മാത്രം താത്പര്യമുള്ള പ്രേക്ഷകര്‍ ‘നീഷേ ഓഡിയന്‍സ്’ എന്നറിയപ്പെടുന്നു. 

Corporate Reputation & Corporate Image


Corporate Reputation
കോര്പറെറ്റ് വിനിമയത്തിലൂടെ സമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം, സ്ഥാപനത്തിന്‍റെ പ്രതിച്ചായയും വര്‍ദ്ധിക്കുന്നു. പ്രതിച്ചായ വിശ്വാസ്യതയ്ക്ക്‌ വഴിയൊരുക്കുന്നു. സ്ഥാപമാവുമായി ബന്ധപ്പെട്ടു കിടക്കുന്ന സമൂഹത്തിന്‍റെ വിലയിരുത്തലാണ് കോര്പറെറ്റ് റെപ്യുട്ടെഷന്‍. വിശ്വാസ്യത സ്ഥാപനത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. അകത്തും പുറത്തുമുള്ള ഫലപ്രദമായ വിനിമയവും വിശ്വാസ്യത വളര്‍ത്താന്‍ ആവശ്യമാണ്‌. 
കോര്പറെറ്റ് റെപ്യുട്ടെഷന്റെ വിവിധ ഘട്ടങ്ങള്‍:
- കമ്പനിയുമായി ബന്ധപ്പെട്ടവര്‍ക്കിടയില്‍ പഠനങ്ങള്‍ നടത്തുന്നു.
- ഏറ്റക്കുറച്ചിലുകള്‍ കണ്ടെത്തുന്നു.
- യാഥാര്‍ത്യവും പ്രതീക്ഷകളും തമ്മിലുള്ള വ്യതാസങ്ങളെ വിശകലനം ചെയ്യുന്നു.
- ഇതിനെ മറികടക്കാനുള്ള പോളിസികളും പ്ലാനുകളും തയ്യാറാക്കുന്നു.
- ലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നു.
- പരിണിതഫലങ്ങള്‍ വിശകലനം ചെയ്യുകയും മികവുറ്റതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. 

Corporate Image

സ്ഥാപനത്തെപ്പറ്റി സമൂഹത്തിനുള്ള കാഴ്ചപ്പാട് അല്ലെങ്കില്‍ അവബോധം ആണ് കോര്പറെറ്റ് ഇമേജ്. കമ്പനി എന്തിനു വേണ്ടി നിലകൊള്ളുന്നു എന്നത് കോര്പറെറ്റ് ഇമേജ് വ്യക്തമാക്കുന്നു. അല്ലെങ്കില്‍ സമൂഹം എങ്ങിനെ വീക്ഷിക്കണം എന്ന് കമ്പനി ആഗ്രഹിക്കുന്നതാണ് കോര്പറെറ്റ് ഇമേജ് എന്നും പറയാം. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഘടകമാണിത്. മാധ്യമങ്ങളും ഇതില്‍ മുഖ്യ പങ്കു വഹിക്കുന്നു. കമ്പനിയുടെ വിശ്വാസ്യത പ്രതിചായയെ ആശ്രയിച്ചാണ് നില്കുന്നത്. 

Corporate Identity


കോര്പറെറ്റ് വ്യക്തിത്വം സ്ഥാപനത്തിന്റെ സംസ്കാരവും തത്വങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. വ്യക്തിത്വം ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വളരെ പ്രധാനമാണ്. ഒരു സ്ഥാപനത്തിന്റെ വ്യക്തിത്വം അതിന്റെ യഥാര്‍ത്ഥമായ മുഖം വ്യക്തമാക്കുകയും, അതുല്യമായ സവിശേഷതകളെ എടുത്തുകാണിക്കുന്നതുമായിരിക്കണം. സ്ഥാപനത്തിന്റെ മൂല്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും ചുറ്റുമാണ് വ്യക്തിത്വം വികസിപ്പിച്ചെടുക്കേണ്ടത്. ഉപഭോക്താവിന് സ്ഥാപനത്തെക്കുറിച്ചുള്ള ആദ്യവിവരമാണ് അതിന്റെ വ്യക്തിത്വം. സ്ഥാപനത്തിന്റെ ലോഗോ അല്ലെങ്കില്‍ എംബ്ലം ഇതില്‍ പ്രധാന പങ്കു വഹിക്കുന്നു. ലോഗോയുടെ നിലവാരം കമ്പനിയുടെ നിലവാരത്തെ സൂചിപ്പിക്കുന്നു. മാര്‍ക്കെറ്റിങ്ങില്‍ കമ്പനിയുടെ പ്രതിച്ചായ നിര്‍ണ്ണയിക്കുന്നത് ഇതാണ്. 
കോര്പറെറ്റ് വ്യക്തിത്വത്തിനു മൂന്നു ഭാഗങ്ങളുണ്ട്:
1. കോര്പറെറ്റ് ഡിസൈന്‍ (ലോഗോ, യുണിഫോം)
2. കോര്പറെറ്റ് കമ്മ്യുണിക്കേഷന്‍ ( പരസ്യം, പൊതുജനസമ്പര്‍ക്കം)

3. കോര്പറെറ്റ് ബിഹേവിയര്‍ ( മൂല്യങ്ങള്‍, രീതികള്‍, തത്വങ്ങള്‍)

Responsibilities and Functions of Corporate Communication | കോര്‍പ്പറെറ്റ് കമ്മ്യുണിക്കേഷന്‍റെ പ്രധാന ഉത്തരവാദിത്വങ്ങള്‍


കോര്പറെറ്റ് കമ്മ്യുണിക്കേഷന്റെ പ്രധാന ഉത്തരവാദിത്വങ്ങള്‍ സ്ഥാപനവും സമൂഹവുമായുള്ള വിനിമയവുമായി ബന്ധപ്പെട്ടുള്ളവയാണ്.

1. മീഡിയ റിലേഷന്‍ 
സ്ഥാപനത്തിന് പുറത്തുള്ള സമൂഹവുമായുള്ള വിനിമയമാണിത്. സ്ഥാപനത്തിന്റെ ഉന്നതിക്കായി മാധ്യമങ്ങളിലൂടെ അനുകൂലമായ സന്ദേശങ്ങള്‍ നല്‍കുന്നതാണ് മീഡിയ റിലേഷന്‍. മാര്‍കറ്റില്‍ സ്ഥാപനത്തിന് അടിയുറച്ച വിശ്വാസ്യത ഉണ്ടാക്കുവാന്‍ ഇത് സഹായിക്കുന്നു. പാരമ്പര്യ മാധ്യമങ്ങളായ ടി.വി., റേഡിയോ, പത്രം എന്നിവ കൂടാതെ ഇന്റര്‍നെറ്റും ആശയം പ്രചരിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു. 
കോര്പറെറ്റ് പരസ്യങ്ങളും (corporate advertising) ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഇത് ഉലപന്നതിന്റെ പരസ്യത്തില്‍ (product advertising) നിന്ന് വ്യത്യസ്തമാണ്. കാരണം കോര്പറെറ്റ് പരസ്യങ്ങള്‍ സ്ഥാപനത്തിനെ മുഴുവനായും പരസ്യം ചെയ്യുന്നു. 

2. എമ്പ്ലോയീ റിലേഷന്‍ 
സ്ഥാപനത്തിന്റെ ഉള്ളിലുള്ള വിനിമയമാണിത്. സ്ഥാപനതിനുള്ളിലെ പ്രശ്നങ്ങള്‍ കണ്ടെത്തുന്നത് ഇതിന്റെ ഭാഗമാണ്. തൊഴിലാളികള്‍, ഷെയര്‍ ഉപഭോക്താക്കള്‍ എന്നിവര്‍ക്കിടയില്‍ സ്ഥാപനത്തിന്റെ കെട്ടുറപ്പും പ്രതിച്ചായയും വര്‍ദ്ധിപ്പിക്കുന്നതിനാണ് എമ്പ്ലോയീ റിലേഷന്‍ സഹായകരമാകുന്നത്. കഴിവുള്ള തൊഴിലാളികളെ ആകര്‍ഷിക്കാനും ഇത്തരം വിനിമയം ഉപയോഗിക്കുന്നു.

3. ഗവര്‍ണമെന്റ്റ് റിലേഷന്‍
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുകയും, നിയമാനുസൃതമായി മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെ സ്ഥാപനവും സര്‍ക്കാരുമായുമുള്ള ബന്ധം ശക്തിപ്പെടുത്താം. സമൂഹത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനും, ധാര്‍മികത നിലനിര്‍ത്താനും ഈ പ്രവര്‍ത്തനങ്ങള്‍  വഴിയൊരുക്കുന്നു. 

4. ഇന്‍വെസ്റ്റര്‍ റിലേഷന്‍ 
സ്ഥാപനത്തിന് ഉതകുന്ന രീതിയിലുള്ള നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനു വേണ്ടിയാണ് ഈ പ്രവര്‍ത്തനം നടത്തുന്നത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങള്‍ നിക്ഷേപകരിലേക്ക് എത്തിക്കാന്‍ ഇത് സഹായകരമാണ്. സ്ഥാപനത്തിന്റെ വിശ്വാസ്യത ഉയര്‍ത്തിക്കാട്ടുന്നത് ഇതില്‍ സുപ്രധാന ഘടകമാണ്. സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തികവിവരങ്ങള്‍ തയ്യാറാക്കുന്നതും ഇതിന്റെ ഭാഗമാണ്.

എന്ത് കൊണ്ട് കോര്പറെറ്റ് കമ്മ്യുണിക്കേഷന്‍?
- സ്ഥാപനത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നു.
- മാര്‍ക്കറ്റില്‍ ഇടം നേടി കൊടുക്കുന്നു.
- സമൂഹവുമായുള്ള ബന്ധം സുദൃഡമാക്കുന്നു.
- നേട്ടങ്ങളും സാമ്പത്തികവളര്‍ച്ചയും ഉയര്‍ത്തിക്കാട്ടുന്നു.
- സമൂഹത്തില്‍ പ്രതിച്ചായ നിലനിര്‍ത്തുന്നു.
- ബ്രാന്‍ഡ്‌ മൂല്യം വളര്‍ത്താന്‍ സഹായിക്കുന്നു. 
- ഉത്തരവാദിത്വങ്ങള്‍ വ്യക്തമാക്കുന്നു.
- മൂല്യങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവ വ്യക്തമാക്കുന്നു.