മാസ് കമ്മ്യുണിക്കേഷന്‍ - ജേര്‍ണലിസം പ്രചാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു പഠന ശാഖയാണ്‌. ഈ മേഖലയില്‍ ധാരാളം പഠനസാമഗ്രികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ലഭ്യമാണെങ്കിലും, മലയാളത്തില്‍ ഉള്ളവ താരതമ്യേന കുറവാണ്. ഈ കുറവ് പരിഹരിക്കാനുള്ള സംരംഭമാണ് മാസ് കമ്മ്യുണിക്കേഷന്‍ മലയാളത്തില്‍ എന്ന ബ്ലോഗ്‌.

Followers

Thursday, October 19, 2017

ബഹുജന ആശയവിനിമയ സിദ്ധാന്തങ്ങള്‍ 2 - Selective exposure, Perception and Retention Theory


വിശ്വാസങ്ങളും നിലപാടുകളും ഓരോ മനുഷ്യനിലും രൂപപ്പെട്ടു വരാന്‍ വര്‍ഷങ്ങളെടുക്കും. അതുകൊണ്ട് തന്നെ ഒരിക്കല്‍ രൂപപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ അതില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നത് എളുപ്പമായിരിക്കില്ല. മാധ്യമ സന്ദേശങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തിലും ഈ സ്വാധീനം പ്രകടമാണ്. സ്വന്തം വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ ആശയങ്ങള്‍ പങ്കുവയ്ക്കുന്ന മാധ്യമങ്ങള്‍ ഒഴിവാക്കുകയും, അവയെ പിന്തുണയ്ക്കുന്ന സന്ദേശങ്ങള്‍ മാത്രം സ്വീകരിക്കുകയും ചെയ്യുന്ന പ്രവണത പ്രേക്ഷകരില്‍ വളര്‍ന്നു വരുന്നത് ഇപ്രകാരമാണ്. ഈ പ്രവണതയെ സെലെക്ടീവ് എക്സ്പോഷര്‍ തീയറി എന്ന് വിളിക്കുന്നു.
പ്രേക്ഷകന്‍ കൂടുതല്‍ സമയം ഓര്‍ത്തുവയ്ക്കുന്നത്‌ അയാള്‍ക്ക്‌ താത്പര്യമുള്ള വാര്‍ത്തകളും വിവരങ്ങളും മാത്രമാണ്. ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുള്ള, വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന കാര്യങ്ങള്‍ അപ്പോള്‍ തന്നെ മറന്നു കളയാനായിരിക്കും കൂടുതല്‍ പേരും താത്പര്യപ്പെടുന്നത്. എത്രയൊക്കെ മാറ്റം വരുത്താന്‍ ശ്രമിച്ചാലും പ്രേക്ഷകര്‍ തങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ മാത്രമേ ഓര്‍ത്തു വയ്ക്കാറുള്ളു. ഇതുപോലെ തന്നെ സന്ദേശങ്ങള്‍ വ്യാഖ്യാനിക്കുന്നതും അവനവന്‍റെ വിശ്വാസങ്ങള്‍ക്കനുസരിച്ചായിരിക്കും. എന്നാല്‍ ഇത്തരം മുന്‍ധാരണകള്‍ സന്ദേശങ്ങള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നതിനു കാരണമാകാറുണ്ട്.വിശ്വാസങ്ങള്‍ ശീലങ്ങള്‍ എന്നിവ പ്രേക്ഷകരില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്‌. ശരിയായ രീതിയില്‍ വിഷയത്തെ മനസിലാക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍ ആശയവിനിമയം തടസ്സപ്പെടുന്നു.
സന്ദേശങ്ങള്‍ ശരിയായ രീതിയില്‍ തന്നെ ഗ്രഹിക്കാന്‍ കഴിഞ്ഞാലും, അത് വ്യക്തതയോടെ ഓര്‍മ്മിച്ചെടുക്കാന്‍ എല്ലാ പ്രേക്ഷകര്‍ക്കും കഴിഞ്ഞെന്നു വരില്ല. ഇത്തരത്തിലുള്ള അപൂര്‍ണ്ണമായ വസ്തുതകള്‍ പലപ്പോഴും തെറ്റായ അര്‍ത്ഥമാണ് മൂന്നാമതൊരാള്‍ക്ക് നല്‍കുന്നത്. താത്പര്യമില്ലാത്ത അല്ലെങ്കില്‍ ഉള്‍കൊള്ളാന്‍ കഴിയാത്ത വസ്തുതകള്‍, മനപ്പൂര്‍വം തന്നെ ശ്രദ്ധിക്കാതിരിക്കുന്നത്‌ മൂലമാണ് ഇത് സംഭവിക്കുന്നത്‌.
സെലെക്ടീവ് എക്സ്പോഷര്‍ തീയറി ഓരോ വ്യക്തിയും സന്ദേശം മനസിലാക്കുന്ന രീതിയെപ്പറ്റിയാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത് സാര്‍വത്രികമല്ല. 

0 comments:

Post a Comment