മാസ് കമ്മ്യുണിക്കേഷന്‍ - ജേര്‍ണലിസം പ്രചാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു പഠന ശാഖയാണ്‌. ഈ മേഖലയില്‍ ധാരാളം പഠനസാമഗ്രികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ലഭ്യമാണെങ്കിലും, മലയാളത്തില്‍ ഉള്ളവ താരതമ്യേന കുറവാണ്. ഈ കുറവ് പരിഹരിക്കാനുള്ള സംരംഭമാണ് മാസ് കമ്മ്യുണിക്കേഷന്‍ മലയാളത്തില്‍ എന്ന ബ്ലോഗ്‌.

Followers

Thursday, October 19, 2017

ആശയവിനിമയ മാതൃകകള്‍ | Communication Models 1 - Aristotle’s Model of Communication


ഒരു വിഷയമോ ആശയമോ ചിത്രത്തിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്ന പ്രക്രിയയാണ് മാതൃക. അവതരിപ്പിക്കുന്ന വിഷയം അല്ലെങ്കില്‍ ആശയം എളുപത്തില്‍ ഗ്രഹിക്കാന്‍ ഇവ സഹായിക്കുന്നു. സങ്കീര്‍ണ്ണമായ ആശയങ്ങള്‍ ലളിതമാക്കുന്നതിനോടൊപ്പം പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും ഇവ വഴിയൊരുക്കുന്നു.
മാതൃകകള്‍ നിര്‍മ്മിക്കുന്നത് വിഷയങ്ങള്‍ എളുപ്പമാക്കുന്നുവെങ്കിലും, അമിതമായ ലളിതവത്കരണം ആശയത്തെ പൂര്‍ണ്ണമായും രേഖപ്പെടുത്തുന്നതില്‍ വിജയിക്കില്ല. സങ്കീര്‍ണ്ണമായ ആശയങ്ങള്‍ ഗ്രഹിക്കാന്‍ മാത്രമാണ് മാതൃകകള്‍ ഉപയോഗപ്പെടുത്തേണ്ടത്. അതായത് മാതൃകകള്‍ ഒരിക്കലും ആശയങ്ങള്‍ക്ക് പകരമായി വയ്ക്കുവാന്‍ സാധിക്കില്ല. ആശയങ്ങളെ വിവരിക്കുക്ക മാത്രമാണ് ഇവയുടെ ചുമതല.
ആശയവിനിമയ മാതൃകകള്‍ ആശയവിനിമയ പ്രക്രിയയുടെ ലളിതാവിഷ്കാരമാണ്. ഇവയില്‍ ആശയവിനിമയത്തിന്റെ ഘടകങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു.

1.
Aristotles Model of Communication (അരിസ്റ്റോട്ടില്‍ മാതൃക)

വിനിമയത്തിന്റെ പ്രാഥമികമായ മാതൃകയാണിത്. പ്ലാറ്റൊയുടെയും അരിസ്റ്റോട്ടിലിന്റെയും കാലഘട്ടത്തിലാണ് ഈ മാതൃകയുടെ ഉത്ഭവം. ഇവരുടെ ആശയ വിനിമയത്തെക്കുറിച്ചുള്ള പഠനങ്ങള്‍ പ്രഭാഷണവിദ്യ അഥവാ റിട്ടോറിക് (rhetoric)നെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു.
അരിസ്റ്റോട്ടില്‍ ആണ് ഈ മാതൃകയുടെ ഉപജ്ഞാതാവ്. ഇദ്ദേഹം വിനിമയപ്രക്രിയയെ പ്രഭാഷണകലയുടെ രൂപത്തിലാണ് വിവരിച്ചത്. വിനിമയം എന്ന പ്രക്രിയയെ , പ്രഭാഷകന്‍ പ്രസംഗം കേള്‍വിക്കാര്‍ (
speaker, speech and audience) എന്നീ മൂന്നു ഭാഗങ്ങളിലൂടെ കടന്നുപോകുന്ന ഒരു രേഖീയമായ (linear) പ്രവര്‍ത്തനമായാണ് അരിസ്റ്റോട്ടില്‍ വിവരിക്കുന്നത്. പൊതുപ്രസംഗങ്ങളാണ് ഇതിന്റെ അടിസ്ഥാനം. പ്രഭാഷകന്‍ ഇവിടെ സജീവമായ പങ്കാളിത്തമുള്ള ഘടകമായും കേള്‍വിക്കാര്‍ പൊതുവേ നിഷ്ക്രിയമായും നിലകൊള്ളുന്നു. കേള്‍വിക്കാരനില്‍ വിശ്വാസം ജനിപ്പിക്കുക എന്നതാണ് പൊതുപ്രഭാഷണത്തിന്റെ ലക്‌ഷ്യം.
ഇവിടെ കേള്‍വിക്കാര്‍ നാനാവിധത്തില്‍ ഉള്ളവരാണ്. കഴിവുള്ള പ്രഭാഷകനു കേള്‍വിക്കാരുടെ തരവും രീതിയും അനുസരിച്ച് ആശയം അവതരിപ്പിക്കുന്നതില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ കഴിയും. കേള്‍വിക്കാരുടെ അറിവും ഭൌതികതയും മനസിലാക്കി വേണം വിഷയം അവതരിപ്പിക്കുവാന്‍.
അതിനാല്‍ ഇവിടെ പ്രഭാഷകനാണ് മുഖ്യസ്ഥാനം. കേള്‍വിക്കാരില്‍ സ്വാധീനം ചെലുത്തുക എന്നൊരു ഉദ്ദേശ്യവും പ്രഭാഷകനുണ്ടായിരിക്കും. കേള്‍വിക്കാര്‍ നിഷ്ക്രിയരെങ്കിലും അവര്‍ക്ക്  പ്രഭാഷണവിഷയത്തിന്റെ പ്രതീതി ഉള്‍കൊള്ളാന്‍ കഴിയും.
പ്രഭാഷകന്‍ കേള്‍വിക്കാരിലേക്ക് ഒരു സന്ദേശം പ്രസംഗരൂപത്തില്‍ അയക്കുകയും അവരില്‍ അതിന്റെ പ്രതീതി ഉണ്ടാവുകയും ചെയ്യുന്നു എന്നാണു അരിസ്റ്റോട്ടില്‍ ഈ മാതൃകയിലൂടെ വരച്ചുകാട്ടുന്നത്. പൊതുപ്രസംഗങ്ങളില്‍ ഈ രീതി ഇന്നും പിന്തുടര്‍ന്ന് പോരുന്നു.






0 comments:

Post a Comment