മാസ് കമ്മ്യുണിക്കേഷന്‍ - ജേര്‍ണലിസം പ്രചാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു പഠന ശാഖയാണ്‌. ഈ മേഖലയില്‍ ധാരാളം പഠനസാമഗ്രികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ലഭ്യമാണെങ്കിലും, മലയാളത്തില്‍ ഉള്ളവ താരതമ്യേന കുറവാണ്. ഈ കുറവ് പരിഹരിക്കാനുള്ള സംരംഭമാണ് മാസ് കമ്മ്യുണിക്കേഷന്‍ മലയാളത്തില്‍ എന്ന ബ്ലോഗ്‌.

Followers

Thursday, October 19, 2017

ബഹുജന ആശയവിനിമയ സിദ്ധാന്തങ്ങള്‍ 1 - Individual Difference Theory


ആശയവിനിമയത്തില്‍ ഏര്‍പ്പെടുന്ന വ്യക്തികളില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഇന്ടിവിജുവല്‍ ഡിഫറന്‍സ് തീയറി പ്രതിപാദിക്കുന്നത്. എവെരെറ്റ് ഡെനിസും മെല്‍വിന്‍ ഡിഫ്ലുവറുമാണ് ഈ തത്വത്തിന്‍റെ ഉപജ്ഞാതാക്കള്‍. ഓരോ വ്യക്തിയും പരിസരങ്ങളോട് ഇടപെടുന്നതും പ്രതികരിക്കുന്നതും വ്യത്യസ്തമായ രീതിയിലാണ്. അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ നല്‍കുന്ന സന്ദേശങ്ങളോടും ഓരോ പ്രേക്ഷകനുമുള്ള പ്രതികരണം വ്യത്യസ്തമായിരിക്കും. ഇത്തരം പ്രതികരണങ്ങള്‍ ഓരോ വ്യക്തിയുടെയും സ്വഭാവം സംസ്കാരം അറിവ് സാമാന്യബോധം എന്നിവയെ ആശ്രയിച്ചിരിക്കും. ഓരോ വ്യക്തിയും ആശയവിനിമയം നടത്തുമ്പോള്‍ സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കാനുള്ള ശക്തമായ പ്രവണത എളുപ്പത്തില്‍ തന്നെ കാണാന്‍ സാധിക്കുന്നതാണ്.
തനിക്ക് ആവശ്യമുള്ള മാധ്യമങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും വിലയിരുത്തുന്നതിനും സന്ദേശങ്ങള്‍ മനസിലാക്കുന്നതിനും ഒരു വ്യക്തിയെ സഹായിക്കുന്നത് അയാളുടെ വളര്‍ച്ചയുടെ ഭാഗമായി ആര്‍ജ്ജിക്കുന്ന വിശ്വാസങ്ങളും നിലപാടുകളുമാണ്. മറ്റുള്ള അറിവുകളും വൈകാരിക ഘടകങ്ങളും ഇക്കാര്യത്തില്‍ സ്വാധീനം ചെലുത്തുന്നുമുണ്ട്. ഇതിനര്‍ത്ഥം ചില പ്രേക്ഷകര്‍തങ്ങള്‍ മാധ്യമങ്ങളിലൂടെ കാണുകയും വായിക്കുകയും ചെയ്യുന്ന സന്ദേശങ്ങള്‍ മനസിലാക്കുന്ന കാര്യത്തില്‍ സ്വന്തം താത്പര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നുവെന്നാണ്. ഓരോ പ്രേക്ഷകനും സന്ദേശം ഗ്രഹിക്കുന്നതും വ്യാഖ്യാനിക്കുന്നതും മറ്റൊരാളില്‍ നിന്നും വ്യത്യസ്തമായ രീതിയിലായിരിക്കും. സമാനമായ സന്ദേശങ്ങളുടെ കാര്യത്തിലും ഇത് സംഭവിക്കുന്നതാണ്.
മാധ്യമങ്ങളിലൂടെ വിതരണം ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്ത രീതിയിലാണ് പ്രതിഫലിക്കുന്നത്. ഇത് മനസിലാക്കുന്നതിനു വ്യക്തികളിലെ സ്വഭാവ വൈരുധ്യങ്ങള്‍ മനസിലാക്കുക എന്നത് സുപ്രധാനമാണ്‌. ഇതുപ്രകാരം സമൂഹത്തില്‍ നിലനില്കുന്ന വ്യത്യസ്ത ആഭിമുഖ്യങ്ങള്‍ ഉള്ള പ്രേക്ഷക വിഭാഗങ്ങളെപ്പറ്റിയും മനസിലാക്കാന്‍ സാധിക്കുന്നു.ഇവരില്‍ ഓരോ വിഭാഗത്തിലും മാധ്യമ സന്ദേശങ്ങള്‍ ഉളവാക്കുന്ന സ്വാധീനം വ്യത്യസ്തമായിരിക്കും. ചുരുക്കിപറഞ്ഞാല്‍ ഓരോ വ്യക്തിയിലും കാണപ്പെടുന്ന വ്യത്യസ്ത ആഭിമുഖ്യങ്ങള്‍ സമൂഹത്തിലെ ഓരോ വിഭാഗങ്ങളിലും കാണപ്പെടുന്നുണ്ട്.

0 comments:

Post a Comment