മാസ് കമ്മ്യുണിക്കേഷന്‍ - ജേര്‍ണലിസം പ്രചാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു പഠന ശാഖയാണ്‌. ഈ മേഖലയില്‍ ധാരാളം പഠനസാമഗ്രികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ലഭ്യമാണെങ്കിലും, മലയാളത്തില്‍ ഉള്ളവ താരതമ്യേന കുറവാണ്. ഈ കുറവ് പരിഹരിക്കാനുള്ള സംരംഭമാണ് മാസ് കമ്മ്യുണിക്കേഷന്‍ മലയാളത്തില്‍ എന്ന ബ്ലോഗ്‌.

Followers

Showing posts with label journalism. Show all posts
Showing posts with label journalism. Show all posts

Tuesday, March 5, 2019

Types of Interviews



അഭിമുഖങ്ങള്‍ - വിവിധയിനം

അഭിമുഖങ്ങളെ അവയുടെ പ്രത്യേകതകൾ അനുസരിച്ചു രണ്ടായി തരം തിരിച്ചിരിക്കുന്നു. അഭിമുഖത്തിൻറെ  ഉദ്ധേശ്യവും ഉള്ളടക്കവും മുൻനിർത്തി Purpose Based Interview എന്നും, അഭിമുഖം നടക്കുന്ന സ്ഥലം സാഹചര്യം എന്നീ ഘടകങ്ങളൾ മുൻനിർത്തി Setting Based Interview എന്നുമാണ് വിളിക്കുന്നത്.

മൂന്നു തരം അഭിമുഖസംഭാഷണങ്ങൾ Purpose Based Interview എന്ന ഗണത്തിൽ ഉൾപ്പെടുന്നു.

1.      Hard Exposure Interview: അഭിമുഖം ചെയ്യപ്പെടുന്ന വ്യക്തികളെ വിശദമായ പഠനത്തിന് വിധേയമാക്കുന്നു. അന്വേഷണാത്മക പത്രപ്രവർത്തന ശൈലിയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഉദാ: അഴിമതി കേസിൽ ഉൾപ്പെട്ടിരിക്കുന്ന രാഷ്ട്രീയപ്രവർത്തകനുമായുള്ള അഭിമുഖം. 

2.      Informational Interview: പ്രേക്ഷകർക്ക് അഭിമുഖവുമായി ബന്ധപ്പെട്ട വിഷയത്തെപ്പറ്റി വിശദമായ വിവരങ്ങൾ നൽകുന്നതിനാണു ഇവ പ്രാധാന്യം കൊടുക്കുന്നത്. സമ്പർക്കത്തിന് മുൻ‌തൂക്കം കൊടുക്കുന്നവയാണ് ഇത്തരം അഭിമുഖങ്ങൾ.

3.      Emotional Interview: അഭിമുഖം ചെയ്യപ്പെടുന്ന ആളുടെ മാനസിക വ്യാപാരങ്ങളും വൈകാരിക അവസ്ഥയും വിശകലനം ചെയ്യുന്ന അഭിമുഖങ്ങളാണിവ. ഉദാ: അഴിമതിക്കേസിൽ രാജി വെക്കേണ്ടി വന്ന മുൻ മന്ത്രിയുമായി നടത്തുന്ന അഭിമുഖം.

Setting Based Interview പ്രധാനമായും ഏഴു തരത്തിലാണുള്ളത്.

1.      Eye Witness Interview: ഇവ Spot Interview എന്നും അറിയപ്പെടുന്നു. വാർത്താ സംഭവം നടന്ന ഇടത്ത് നേരിട്ട് ചെന്ന് നടത്തുന്ന അഭിമുഖങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നവയാണ്. കാഴ്ചക്കാരിൽ നിന്ന് സത്യസന്ധമായ വിവരങ്ങൾ നൽകാൻ കഴിയുന്ന വ്യക്തികളെ കണ്ടെത്തിയാണ് ഇത്തരം സാഹചര്യത്തിൽ അഭിമുഖങ്ങൾ സംഘടിപ്പിക്കുന്നത്. ഒന്നോ രണ്ടോ ചോദ്യങ്ങളിൽ ഒതുങ്ങുന്ന അഭിമുഖങ്ങളാണിവ.

2.      Door Stepper: രാഷ്ട്രീയ സമ്മേളനങ്ങൾക്കോ ചർച്ചകൾക്കോ ശേഷം നേതാക്കളുമായി നടത്തുന്ന അഭിമുഖങ്ങൾ ഈ ഗണത്തില്  പെടുന്നവയാണ്. മുറിയിൽ നിന്ന് ഇറങ്ങുമ്പോളോ പടിവാതില്ക്കലോ വച്ച് നടത്തുന്നവയായതു കൊണ്ടാണ് എന്ന പേരിൽ അറിയപ്പെടുന്നത് തന്നെ. സമ്മർദ്ദം നിറഞ്ഞ സാഹചര്യം ആയതു കൊണ്ട് തന്നെ ചുരുക്കം ചോദ്യങ്ങളെ ഇവിടെ ചോദിക്കാൻ കഴിയുകയുള്ളു. വ്യക്തമായ മറുപടി ഇവയിൽ നിന്ന് ലഭിക്കണമെന്നില്ല. 

3.      Set Piece: പ്രാധാന്യം അർഹിക്കുന്ന രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ ഉൾപ്പെടുന്ന പ്രമുഖരുമായി നടത്തുന്ന അഭിമുഖങ്ങൾ. ചോദ്യങ്ങൾ മുൻകൂട്ടി തയ്യാറാക്കുന്നവയായതു കൊണ്ട് തന്നെ തയ്യാറെടുപ്പുകൾ ആവശ്യമാണ്. ഉദാ: ബഡ്ജറ്റ്, സ്ഥാനാർഥി നിർണ്ണയം തുടങ്ങിയ അവസരങ്ങളിൽ രാഷ്ട്രീയ നേതാക്കളുമായി നടത്തുന്ന അഭിമുഖനങ്ങൾ. 

4.      Studio Interview: സ്റ്റുഡിയോയിൽ വച്ച് നടത്തപെടുന്ന അഭിമുഖം. അവതാരകന് കൂടുതൽ സ്വാതന്ത്ര്യവും നിയന്ത്രണവും നൽകുന്നവയാണ് ഇത്തരം അഭിമുഖങ്ങൾ.

5.      Down The Line: ടെലിഫോൺ, വീഡിയോ കോൺഫറൻസ് മുതലായ ആശയവിനിമയ ഉപാധികൾ വഴി നടത്തുന്ന അഭിമുഖങ്ങൾ. 

6.      Car and Walking Interviews: ഇത്തരം അഭിമുഖങ്ങൾ സംഘടിപ്പിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും, പ്രേക്ഷകർക്ക് കൂടുതൽ ആസ്വാദ്യകരവും വ്യത്യസ്തവുമായി അനുഭവപ്പെടും. ചോദ്യങ്ങൾ കൂടുതലും വ്യക്തിപരമായ വിഷയങ്ങളെപ്പറ്റിയായിരിക്കും.

Types of Interview Questions



അഭിമുഖസംഭാഷണം - ചോദ്യങ്ങള്‍

അഭിമുഖ സംഭാഷണത്തിനായി ഉപയോഗിക്കുന്നതു പ്രധാനമായും ചോദ്യങ്ങളാണ്.

1.      Open Questions: കൂടുതൽ വിവരങ്ങളും, വിശദമായ ഉത്തരങ്ങളുമാണ് ഇത്തരം ചോദ്യങ്ങളിലൂടെ പ്രതീക്ഷിക്കുന്നത്.

2.      Closed Questions: "അതെ" അല്ലെങ്കിൽ "അല്ല" എന്ന തരത്തിൽ ഉള്ള ഉത്തരങ്ങൾ മാത്രം പ്രതീക്ഷിച്ചുകൊണ്ടുള്ള ചോദ്യങ്ങളാണിത്.

3.      Empty Questions: കൃത്യമായ ഉത്തരം ആവശ്യമില്ലാത്ത ചോദ്യങ്ങളാണിവ. ഉദാ: കൂടുതലായി എന്തെങ്കിലും താങ്കൾക്ക് പ്രേക്ഷകരോട് പറയാനുണ്ടോ?

4.      Contact Questions: അവതാരകനും അഭിമുഖം ചെയ്യപ്പെടുന്ന വ്യക്തിയും തമ്മിലുള്ള ആശയവിനിമയം സുഖമമാക്കുന്നതിനു വേണ്ടിയാണ് ഇത്തരം ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നത്. മഞ്ഞുരുക്കലാണ് ഇവിടത്തെ പ്രധാന ലക്‌ഷ്യം. 

5.      Leading Questions: അഭിമുഖത്തിന്റെ ഓരോ പുതിയ ഘട്ടവും ആരംഭിക്കുന്നതിനു വേണ്ടിയുള്ള ചോദ്യങ്ങൾ. 

6.      Closing Questions: അവസാനഘട്ടത്തിൽ ചോദിക്കുന്ന ചോദ്യങ്ങൾ. അഭിമുഖത്തിൽ ചർച്ച ചെയ്ത വിഷയങ്ങൾ സംഗ്രഹിക്കുന്നതിനും ഇവ ഉപയോഗിക്കുന്നു.

Monday, March 19, 2018

Newspaper Layout


പത്രത്താളുകളില്‍ വാര്‍ത്തയും ചിത്രങ്ങളും മറ്റു ഘടകങ്ങളും ക്രമമായി അടുക്കുന്ന പ്രകൃയയാണ് ന്യൂസ് പേപ്പര്‍ ലേയൌട്ടിംഗ്. ഇതിനെ ന്യൂസ് പേപ്പര്‍ മേക്ക് അപ്പ് എന്നും വിളിക്കുന്നു. വാര്‍ത്തകള്‍ക്ക് വ്യക്തത ഉണ്ടാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് ലേയൌട്ടിംഗ് പ്രകൃയയാണ്. ലേയൌട്ടിംഗ് ചെയ്യുന്നതിനായി നിരവധി സോഫ്റ്റ്‌ വെയറുകള്‍ ലഭ്യമാണ്. ഉദാ: Adobe In-Design, PageMaker, Coral draw. ലേയൌട്ട് ചെയ്യുന്നതിന് നിരവധി ശൈലികള്‍ പ്രാബല്യത്തിലുണ്ട്. സിമ്മട്രിക്കല്‍ ലേയൌട്ട്, അസിമ്മട്രിക്കല്‍ ലേയൌട്ട് എന്നിവയാണ് പ്രധാനപ്പെട്ട ലേയൌട്ട് ശൈലികള്‍. ഇവയുടെ തന്നെ ഉപവിഭാഗങ്ങളാണ് വെര്‍ട്ടിക്കല്‍ ലേയൌട്ട്, ഹോറിസോണ്ടല്‍ ലേയൌട്ട്, ബ്രേസ് മേക്ക്അപ്പ്, ബ്രോക്കന്‍ കോളം മേക്ക്അപ്പ്, സര്‍ക്കസ് മേക്ക്അപ്പ് എന്നിവ.
പത്രത്തിന്റെ ഉള്ളടക്കങ്ങള്‍ വേണ്ടും വിധം ഓരോ താളുകളിലായി അടുക്കുന്ന പ്രകൃയയാണ് പേജിനേഷന്‍. ലേയൌട്ടിംഗ് പ്രക്രിയ ഇതിന്റെ ഭാഗമാണ്. 

Headlines and Caption - തലക്കെട്ടുകളും അടിക്കുറിപ്പും



Types of Headlines

തലക്കെട്ടുകള്‍ വാര്‍ത്തയുടെ അവിഭാജ്യഘടകമാണ്. ഒറ്റവരിയില്‍ അവതരിപ്പിക്കുന്ന ലീഡ് ആണ് തലക്കെട്ട്‌ എന്ന് പറയാം. ഒരു വാര്‍ത്തയില്‍ പ്രേക്ഷന് താത്പര്യം ജനിപ്പിക്കുന്നതില്‍ തലക്കെട്ടുകള്‍ സുപ്രധാനമായ പങ്കു വഹിക്കുന്നുണ്ട്. വാര്‍ത്തയിലെ 'എന്ത് What' എന്ന ഘടകമാണ് തലക്കെട്ടിനായി ഉപയോഗിക്കുന്നത്. തലക്കെട്ടുകള്‍ അവയുടെ അവതരണ രീതിക്കനുസരിച്ച് തരം തിരിച്ചിരിക്കുന്നു. ഉദാ-

1.      Cross line
ഒറ്റ വരിയിലുള്ള തലക്കെട്ടുകള്‍. രണ്ടോ മൂന്നോ കോളത്തില്‍ ഉള്‍കൊള്ളിക്കുന്നു.
ഉദാ:                ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകത്തിന്റെ നെറുകയില്‍

2.      Double line
രണ്ടു വരിയില്‍ കൊടുക്കുന്ന തലക്കെട്ടുകള്‍. കോളങ്ങളുടെ എണ്ണം കുറവായിരിക്കും. ഉദാ:                      ഇന്ത്യന്‍ ക്രിക്കറ്റ് ടീം 
            
ഫൈനലില്‍ കളിക്കും
3.      Drop – line
മൂന്നു വരിയില്‍ കൊടുക്കുന്ന തലക്കെട്ടുകള്‍. ആദ്യത്തെ വരി കോളത്തിനു ഇടത്തോട്ടു ചേര്‍ന്നും രണ്ടാമത്തേത് മധ്യത്തിലും മൂന്നാമത്തേത് വലത്തോട്ടു ചേര്‍ന്നുമിരിക്കുന്നു. 
       ഉദാ: ഇന്ത്യ
        
          വേള്‍ഡ്കപ്പ്
                                        ഫൈനലില്‍
4.      Inverted pyramid headline
തലകീഴായ പിരമിഡ് ആകൃതിയിലുള്ള തലക്കെട്ടുകള്‍. മൂന്നു വരികളില്‍ കൊടുക്കുന്നു. ആദ്യത്തെ വരി കോളത്തിനു ഇരുവശവും ചേര്‍ന്ന് നില്കുന്നു. തുടര്‍ന്നുള്ള വരികള്‍ മധ്യഭാഗത്തായി കൊടുക്കുന്നു.
ഉദാ:
               ഇന്ത്യന്‍ ക്രിക്കറ്റ് ടീം
          
                 ലോകത്തിന്റെ
             
               നെറുകയില്‍
5.      Flush right
കോളത്തിനു വലതു വശത്തോട് ചേര്‍ന്നിരിക്കുന്ന തലക്കെട്ടുകള്‍.
ഉദാ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം
         ലോകത്തിന്റെ
         നെറുകയില്‍

6.      Flush left
കോളത്തിനു ഇടതു വശത്തോട് ചേര്‍ന്നിരിക്കുന്ന തലക്കെട്ടുകള്‍.
ഉദാ:                                                                ഇന്ത്യന്‍ ക്രിക്കറ്റ് ടീം
                                                                                 ലോകത്തിന്റെ
                                                                       
            നെറുകയില്‍
7.      Hanging indention
ഇതില്‍ ആദ്യത്തെ വരി കോളത്തിനു ഇരുവശവും ചേര്‍ന്നിരിക്കുന്നു. തുടര്‍ന്നുള്ള വരികള്‍ ഇടതു വശത്തോട് ചേര്‍ന്നുമിരിക്കുന്നു.
ഉദാ:
2018ലെ ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങള്‍ക്ക്
         ഇനി പുതിയ വേദി 

8.      Banner headline
ദിനപത്രത്തിന്റെ മുന്‍പേജിലെ പ്രധാന വാര്‍ത്തയ്ക്കു കൊടുക്കുന്ന തലക്കെട്ടാണ് ബാനര്‍ ഹെഡ്ലൈന്‍. നാലോ അഞ്ചോ കോളങ്ങളില്‍ ഉള്‍കൊള്ളുന്നു.

9.      Skyline
ചില പ്രത്യേക അവസരങ്ങളില്‍ സുപ്രധാനമായ തലക്കെട്ടുകള്‍ പത്രത്തിന്റെ പേരിനു (Name plate) മുകളിലായി കൊടുക്കുന്നു. ഇതിനെ സ്കൈലൈന്‍ എന്ന് വിളിക്കുന്നു.

Caption അടിക്കുറിപ്പ്
വാര്‍ത്താചിത്രങ്ങള്‍, ഗ്രാഫിക്സ് എന്നിവയ്ക്ക് കീഴില്‍ കൊടുക്കുന്ന ചുരുങ്ങിയ വിവരണങ്ങളാണ് കാപ്ഷന്‍സ് അഥവാ അടിക്കുറിപ്പുകള്‍. വലുപ്പം കുറഞ്ഞ അക്ഷരങ്ങളിലാണ് കാപ്ഷന്‍ കൊടുക്കുന്നത്. അടിക്കുറിപ്പുകള്‍ വിവരണങ്ങള്‍ മാത്രമല്ല. സര്‍ഗ്ഗാത്മകമായ അടിക്കുറിപ്പുകള്‍ വാര്‍ത്താചിത്രങ്ങളുടെ മേന്മ വര്‍ധിപ്പിക്കുന്നു.

Hourglass Style – News writing style




ലോകമൊട്ടാകെ അംഗീകരിച്ച വാര്‍ത്താവതരണ രീതിയാണ് inverted pyramid തലകീഴായ പിരമിഡ് ശൈലി. എന്നാല്‍ ഇതിനു ധാരാളം പരിമിതികള്‍ ഉണ്ട്. കൂടുതലായി വിശദീകരണം വേണ്ടുന്ന വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതിനു inverted pyramid ശൈലി പര്യാപ്തമല്ല. ഇത്തരം വാര്‍ത്തകളില്‍ inverted pyramidനു പകരമായി ഉപയോഗിക്കുന്ന രീതിയാണ് hour glass ശൈലി. ഒരു മണല്‍ ഘടികാരത്തിന്റെ രൂപവുമായാണ് ഈ ശൈലി താരതമ്യം ചെയ്യുന്നത്. Hour glass ശൈലിയില്‍ വാര്‍ത്തകള്‍ എഴുതുമ്പോള്‍ ആദ്യപകുതി inverted pyramid മാതൃകയില്‍ അവതരിപ്പിക്കുന്നു. രണ്ടാം പകുതിയില്‍ വാര്‍ത്തയിലെ പ്രസക്ത സംഭവങ്ങള്‍ കാലഗണനാപരമായി (chronological order) എഴുതുന്നു. ഉദാ: തീവണ്ടി ദുരന്തത്തെപ്പറ്റിയുള്ള വാര്‍ത്തയില്‍ വസ്തുതകള്‍ അവതരിപ്പിച്ച ശേഷം രണ്ടാം പകുതിയില്‍ കൂടുതല്‍ വിവരങ്ങളും പശ്ചാത്തലവിവരണവും ഉള്‍പ്പെടുത്താം. ചുരുക്കി പറഞ്ഞാല്‍ inverted pyramid ശൈലിക്ക് തുടര്‍ച്ചയായി വാര്‍ത്തയുടെ പിന്നാമ്പുറ വിഷയങ്ങളും പശ്ചാത്തലവിവരണങ്ങളും ഉള്‍പ്പെടുത്തുന്നതാണ് hour glass ശൈലി.

Lead or Intro ലീഡ് അഥവാ ഇന്ട്രോ



വാര്‍ത്തയുടെ ചുരുക്കരൂപമാണ് ലീഡ്. ആദ്യത്തെ വരികളിലാണ് ലീഡ് അവതരിപ്പിക്കുന്നത്‌. ഒന്നോ രണ്ടോ വരികളില്‍ വാര്‍ത്തയുടെ സംഗ്രഹം അവതരിപ്പിക്കുന്നതിനാല്‍, പ്രേക്ഷകന് വായനയുടെ തുടക്കത്തില്‍ തന്നെ ആവശ്യമായ വസ്തുതകള്‍ മനസ്സിലാക്കാന്‍ കഴിയും. ആര്who?, എന്ത്what?, എപ്പോള്‍when?, എവിടെ വച്ച്where?, എങ്ങനെhow?, എന്തുകൊണ്ട്why?, എന്നീ വസ്തുതകളാണ് ലീഡില്‍ അവതരിപ്പിക്കുന്നത്‌. 

Types of Lead
1.      Summary lead
വാര്‍ത്തയുടെ സംഗ്രഹരൂപമാണ് സമ്മറി ലീഡ്. സുപ്രധാന വിവരങ്ങള്‍ മാത്രമാണ് ഇതില്‍ നല്‍കാറുള്ളത്. പറയാനുള്ള കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ ചുരുക്കിവിവരിക്കാന്‍ സമ്മറി ലീഡ്കൊണ്ട് കഴിയും.
2.      Descriptive lead
സംഭവങ്ങളെക്കുറിച്ചു വ്യക്തമായ ധാരണ നല്‍കുന്ന വിധത്തില്‍ വിശദീകരണം നല്കുന്നവയാണിവ. വാര്‍ത്ത വായിക്കുമ്പോള്‍ തന്നെ വായനക്കാരന് സംഭവം നേരിട്ട് കാണുന്ന അനുഭവമുണ്ടാക്കാന്‍ ഇത്തരം ലീഡുകള്‍ക്ക് പ്രത്യേക കഴിവുണ്ട്.
3.      Question lead
വായനക്കാരനിലേക്ക് ചോദ്യം എറിഞ്ഞുകൊണ്ട് ആകാംക്ഷ ജനിപ്പിക്കുന്ന ലീഡുകളാണിവ. ഉദാ: ഇത്തവണത്തെ വേള്‍ഡ് കപ്പു ആര് നേടുമെന്ന ചോദ്യത്തിനു വായനക്കാരനെ പിടിച്ചു നിര്‍ത്താനുള്ള കഴിവുണ്ട്.
4.      Punch/Capsule/Cartridge lead
പ്രേക്ഷകരെ ഞെട്ടിക്കാന്‍ പാകത്തിലുള്ള ഒരൊറ്റ വാക്കോ വാചകമോ മതി ഒരു വാര്‍ത്ത മുഴുവന്‍ ഒറ്റയിരുപ്പിനു വായിച്ചു തീര്‍ക്കാന്‍. വായനക്കാരന്റെ ഉള്ളില്‍ ശക്തമായി പതിക്കുന്ന വാക്കുകള്‍ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ലീഡുകള്‍ ആണ് പന്ജ് അല്ലെങ്കില്‍ കാപ്സ്യൂള്‍ ലീഡ് എന്നറിയപ്പെടുന്നത്.
5.      Direct quotation/ Statement lead
വ്യക്തികളുടെ പ്രസ്താവനകളോ പ്രശസ്തരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന വചനങ്ങളോ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ലീഡുകളാണിവ.
6.      Contrast lead
തികച്ചും വ്യത്യസ്തമായ രണ്ടു തലങ്ങളെ തമ്മില്‍ താരതമ്യം ചെയ്യുന്ന രീതിയാണ് കോണ്ട്രാസ്റ്റ് ലീഡ് ഉപയോഗിക്കുന്നത്. ഉദാ: മുന്‍കാലങ്ങളിലെ സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമല്ല നിലവിലുള്ള സര്‍ക്കാരും.
7.      Staccato lead
മുറിവാക്കുകളും പ്രയോഗങ്ങളും ആശ്ചര്യ ചിഹ്നവും ഉപയോഗിച്ച് വാര്‍ത്തയുടെ അന്തരീക്ഷം സൃഷ്ടിക്കുന്ന തരത്തിലുള്ള ലീഡുകളാണ് സ്റ്റക്കാറ്റോ ലീഡുകള്‍. ഉദാ: അര്‍ദ്ധരാത്രി.. അതിര്‍ത്തിയില്‍ വെടിയൊച്ചകള്‍.. അലര്‍ച്ച.. പൊട്ടിത്തെറി!!.. പുകച്ചുരുളുകള്‍..

Monday, January 22, 2018

Speciality reporting


Speciality reporting
വാര്‍ത്തയെ നേരിട്ട് സമീപിക്കാതെ, ആഴത്തിലുള്ള വിശകലനങ്ങളോ, അതോ പ്രധാന വിഷയവുമായി ബന്ധപ്പെട്ടു നില്‍കുന്ന മറ്റു കാര്യങ്ങളോ ആണ് സ്പെഷ്യാലിറ്റി റിപ്പോര്‍ട്ടിംഗ്. വാര്‍ത്തയ്ക്ക് ആധാരമായ സംഭവത്തിന്‍റെ കാരണങ്ങള്‍, വേരുകള്‍, പ്രതിവിധികള്‍, ഭാവിയില്‍ ഉണ്ടായേക്കാവുന്ന മറ്റു വിഷയങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ ഇവിടെ പരിഗണിക്കേണ്ടതായി വരും. ഉദാഹരണത്തിനു കണ്ടല്‍ ചെടികള്‍ കൂട്ടമായി തീയിട്ടു നശിപിച്ചു എന്ന വാര്‍ത്ത വന്നു എന്നിരിക്കട്ടെ, അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍, കാരണങ്ങള്‍, ഇതുണ്ടാക്കാവുന്ന ഭവിഷ്യത്തുകള്‍, പ്രതിവിധികള്‍ മുതലായ കാര്യങ്ങളായിരിക്കും സ്പെഷ്യാലിറ്റി റിപ്പോര്‍ട്ടര്‍ കണ്ടെത്തുന്നത്. വിദഗ്ദരുടെയും മറ്റും അഭിപ്രായങ്ങള്‍ വളരെ പ്രാധാന്യത്തോടെ തന്നെ ഇത്തരം റിപ്പോര്‍ട്ടുകളില്‍ കൊടുക്കാറുണ്ട്. ഇവിടെ വാര്‍ത്തയുടെ വിശകലനത്തിന് പ്രാധാന്യം നല്‍കുന്നതുകൊണ്ട് ലേഖകന്‍ മികച്ച എഴുത്തുകാരന്‍ കൂടി ആകേണ്ടതുണ്ട്.
Specialised type of stories

Follow up: ഒരു ദിവസം കൊണ്ട് വാര്‍ത്തകള്‍ അവസാനിക്കാറില്ല. പ്രധാന വാര്‍ത്തകളുടെ പിന്നീടുള്ള വളര്‍ച്ചയാണ് ഫോളോ അപ്പുകള്‍. വാര്‍ത്ത വന്നു പിറ്റേ ദിവസം മുതല്‍ ഫോളോ അപ്പുകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങും. ഓഖി ദുരന്തമുണ്ടായത്തിനു ശേഷം ആഴ്ചകളോളം അതുമായി ബന്ധപ്പെട്ടു നിരവധി വാര്‍ത്തകളാണ് ഫോളോ അപ്പുകളായി വന്നത്.
Round up: സമയവും സ്ഥലവും ലാഭിക്കുന്നതിനായാണ് ഈ രീതി ഉപയോഗിക്കുന്നത്. ഒരേ ദിവസം സമാനമായ വിഷയങ്ങളുള്ള വാര്‍ത്തകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇവ ഒരൊറ്റ വാര്‍ത്തയായി കൊടുക്കുന്നതാണ് നല്ലത്. ഉദാ: വിവിധ ജില്ലകളിലായി നടന്ന റോഡപകടങ്ങള്‍, പഞ്ചായത്ത് ഇലക്ഷന്‍, ഹര്‍ത്താല്‍ വാര്‍ത്തകള്‍.
Side bar: പ്രധാനപ്പെട്ട വാര്‍ത്തകള്‍ പലപ്പോഴും ദൈര്‍ഗ്യം കൂടിയവയായിരിക്കും. പലപ്പോഴും സുപ്രധാനമായ വിവരങ്ങള്‍ വായനക്കാരന്‍ കാണാതെ പോകാന്‍ ഇത് കാരണമാകും. അതിനാല്‍ നീളം കൂടിയ വാര്‍ത്തകള്‍ ഒന്നിലധികം വാര്‍ത്തകളായി വിഭജിച്ചു, വെവ്വേറെ തലക്കെട്ടുകളില്‍ കൊടുക്കേണ്ടി വരും. ഇവയെ സൈഡ് ബാര്‍ എന്ന് വിളിക്കുന്നു.
Brights/Odds: രസകരമായ സംഭവങ്ങളെപ്പറ്റിയുള്ള വാര്‍ത്തകളാണിവ. അപ്രതീക്ഷിതമായ ഒരു സംഭവമായിരിക്കും വാര്‍ത്തയ്ക്കു കാരണം. വിനോദം ലക്‌ഷ്യം വയ്കുന്നവയാണ് ഇത്തരം വാര്‍ത്തകള്‍.
Preview/Curtain raiser: ഒരു പ്രധാനപ്പെട്ട വാര്‍ത്താ വിഷയം സംഭവിക്കുന്നത്‌ മുന്‍പ് അതിനെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അവബോധമുണ്ടാക്കനായി നല്‍കുന്ന വാര്‍ത്തകള്‍ പ്രിവ്യു എന്നറിയപ്പെടുന്നു. ഇലക്ഷന് മുന്‍പ് അതിനെപ്പറ്റി നടത്തുന്ന അവലോകനങ്ങള്‍ ഇതിനുദാഹരണമാണ്.
Highlights: പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍ എഴുതുന്നത്‌.

Beat reporting


Beat reporting


ഒരു നിശ്ചിത പ്രദേശത്തെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലേഖകര്‍ ബീറ്റ് റിപ്പോര്‍ട്ടര്‍ എന്നറിയപ്പെടുന്നു. വാര്‍ത്താമൂല്യമുള്ള, അല്ലെങ്കില്‍ നിരന്തരമായി വാര്‍ത്താപ്രാധന്യമുള്ള വിഷയങ്ങള്‍ സംഭവിക്കുന്നയിടങ്ങളെയാണ് ബീറ്റ് ആയി പരിഗണിക്കുന്നത്. കോടതി, പോലീസ് സ്റ്റേഷന്‍, നിയമസഭ, രാഷ്ട്രീയ പാര്‍ട്ടി ഓഫീസ്, പാര്‍ക്ക്, ബീച്ച്, ബസ് സ്റ്റാന്റ് മുതലായവ സ്ഥലങ്ങള്‍ ഒരു ലേഖകന് ബീറ്റുകള്‍ ആണ്. ബീറ്റ് ലേഖകന്റെ പ്രധാന ഉത്തരവാദിത്വം തനിക്കു അനുവദിച്ചിട്ടുള്ള പ്രദേശത്തെ പ്രധാന വ്യക്തികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തലാണ്. ഇതിലൂടെ അയാള്‍ക്ക് വാര്‍ത്തകള്‍ കണ്ടെത്താന്‍ കഴിയുന്നു. ബീറ്റ് ലേഖകന്‍ സ്വന്തമായാണ് വാര്‍ത്തകള്‍ കണ്ടെത്തുന്നത്. വാര്‍ത്തകള്‍ ശേഖരിക്കുന്നതിനായുള്ള മികച്ച ഒരു മാര്‍ഗമാണ് ബീറ്റുകള്‍. ഒരു മാധ്യമത്തെ സംബന്ധിച്ചിടത്തോളം മിക്കവാറും ബീറ്റ് ചുമതലയുള്ള ലേഖകന്‍ മാത്രമായിരിക്കും ആ പ്രദേശത്തെ വിവരങ്ങള്‍ ലഭിക്കാനുള്ള ഏക മാര്‍ഗ്ഗം. ബ്രേക്കിംഗ് ന്യൂസുകള്‍ പ്രധാനമായും വരുന്നത് ബീറ്റുകളില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ബീറ്റ് റിപ്പോര്‍ട്ടര്‍മാര്‍ എപ്പോഴും ജാഗരൂകരായിരിക്കേണ്ടതുണ്ട്. ബീറ്റ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് അവരുടെ പ്രദേശത്തെ ചുറ്റിപറ്റി ശക്തമായ ഒരു ആശയവിനിമയ സൃംഗല ഉണ്ടാകാറുണ്ട്. ജനങ്ങളുമായി മാസങ്ങളോളം നീളുന്ന നിരന്തരമായ സമ്പര്‍ക്കത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇത്തരത്തില്‍ ഒരു സൃംഗല നിര്‍മ്മിച്ചു കഴിഞ്ഞാല്‍ പിന്നെ വാര്‍ത്തകള്‍ സംഭവിക്കുന്ന മാത്രയില്‍ തന്നെ ലേഖകന് വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ബീറ്റുകള്‍ നാലായി തരാം തിരിക്കാം:
Place Beat: വാര്‍ത്താ പ്രാധാന്യമുള്ള സ്ഥലങ്ങള്‍.
Subject Beat: പ്രത്യേക മേഖലകള്‍ അല്ലെങ്കില്‍ വിഷയങ്ങള്‍. ഉദാ: കല, ശാസ്ത്രം, കാര്‍ഷികം, ആരോഗ്യം, തൊഴില്‍, ജീവിതരീതി, വിധ്യബ്യാസം, വിനോദം, etc. സ്പെഷ്യല്‍ കറസ്പോണ്ടന്റ് ലേഖകര്‍ ഈ വിഭാഗത്തില്‍ പെടുന്നു.  
Issue Beat: ഒരു പ്രത്യേക വിഷയമായിരിക്കും ഇവിടെ ബീറ്റ് ആയി കാണുന്നത്. ബാലവേല, മണല്‍വാരല്‍, കൊലപാതക രാഷ്ട്രീയം, ആഗോള താപന മുതലായവ.
Experimental Beat: വിനോദസംബന്ധിയായ വിഷയങ്ങള്‍. ഫാഷന്‍, സിനിമ, ട്രെണ്ട്സ്, വസ്ത്രങ്ങള്‍, കളികള്‍, യാത്ര, ഒഴിവുകാലം മുതലായ വിഷയങ്ങള്‍.  

General Assignment reporting


General Assignment reporting

വസ്തുതകള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടുന്ന, വിഷയത്തിലൂന്നിയുള്ള രീതിയാണ് വാര്‍ത്താശേഖരണത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. സമയാധിഷ്ടിതമായി തീര്‍ക്കേണ്ടുന്ന വാര്ത്താസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുവേ ഈ രീതി അവലംഭിക്കുന്നു. ന്യൂസ് എഡിറ്റര്‍, ബ്യൂറോ ചീഫ് തുടങ്ങിയ ഉയര്‍ന്ന പദവിയിലുള്ള ലേഖകര്‍ തങ്ങളുടെ കീഴിലുള്ളവര്‍ക്കാണ് ഇത്തരം വാര്‍ത്തകള്‍ ഏല്പിക്കുന്നത്. ഇതിനായി ഓരോ ലേഖകനും ദിവസേനയുള്ള ഷെഡ്യൂള്‍ തീരുമാനിക്കുന്നു. ബ്രേക്കിംഗ് ന്യൂസ്, ഫീച്ചര്‍ മുതലായ ഏതു തരം വാര്‍ത്തകളും ഇവയില്‍ ഉള്‍പ്പെടാം. റോഡപകടങ്ങള്‍, സമ്മേളനങ്ങള്‍, പ്രസംഗങ്ങള്‍, മത്സരങ്ങള്‍, സമരങ്ങള്‍ മുതലായവയാണ് ഇത്തരം വാര്‍ത്തകള്‍. ഇവ സമയാധിഷ്ടിതമായി തീര്‍ക്കേണ്ടതുള്ളത്കൊണ്ട് ചുമതല ഏറ്റെടുക്കുന്ന ലേഖകര്‍ക്ക് ദ്രുതഗതിയില്‍ എന്നാല്‍ കൃത്യതയോടെ വാര്‍ത്തകള്‍ എഴുതേണ്ടി വരും. കൂടാതെ വാര്ത്തശേഖരണം നടത്തുന്ന സ്ഥലം, ജനങ്ങള്‍, പ്രധാന വ്യക്തികള്‍ എന്നിവയെപ്പറ്റിയുള്ള അറിവും ഇവിടെ പ്രധാനമാണ്. ഓരോ ലേഖകനും ചുമതലപ്പെടുത്തുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഈ രീതിയെ തരം തിരിച്ചിട്ടുണ്ട്. ഉദാ: പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിംഗ് , എജുക്കേഷണല്‍ റിപ്പോര്‍ട്ടിംഗ്, ക്രൈം റിപ്പോര്‍ട്ടിംഗ്, സ്പോര്‍ട്സ് റിപ്പോര്‍ട്ടിംഗ്, വാര്‍ റിപ്പോര്‍ട്ടിംഗ്, etc.

Thursday, October 19, 2017

റേഡിയോ സവിശേഷതകള്‍ | Characteristics of Radio


1.      Mobile medium: ഒരിടത്ത് തന്നെ സ്ഥിരമായി വക്കെണ്ടുന്ന ആവശ്യം റേഡിയോയ്ക്കില്ല. എവിടെ വേണമെങ്കിലും കൊണ്ട് നടന്നു റേഡിയോ പ്രക്ഷേപണം ശ്രദ്ധിക്കാം. ഈയൊരു സവിശേഷത കൊണ്ടാണ് ഇതിനെ മൊബൈല്‍ അല്ലെങ്കില്‍ പോര്‍ട്ടബിള്‍ മീഡിയം എന്ന് വിളിക്കുന്നത്‌.
2.      Inexpensive Medium: റേഡിയോ സെറ്റുകള്‍ വില കുറഞ്ഞതും എളുപ്പത്തില്‍ ലഭിക്കുന്നതുമാണ്. റേഡിയോ പ്രോഗ്രാം ചെയ്യാനുള്ള ചെലവ് ടെലിവിഷനെ അപേക്ഷിച്ച് വളരെ കുറവാണ്. ഒരു അവതാരകനും മൈക്കും റിക്കാര്‍ഡറും ഉണ്ടെങ്കില്‍ റേഡിയോ പ്രോഗ്രാം ചെയ്യാന്‍ കഴിയും. റേഡിയോ സംപ്രേക്ഷണം സൌജന്യം ആണ്. അതുകൊണ്ട് തന്നെ പ്രേക്ഷകന് ഇതിനായി മറ്റു ചിലവുകള്‍ വേണ്ടി വരുന്നില്ല.
3.      Invisible medium: റേഡിയോ കേള്‍വിയുടെ മാധ്യമം ആണ്. കാഴ്ച ഇവിടെ പ്രസക്തമല്ല. റേഡിയോ കേള്‍ക്കുന്നയാല്‍ ആ മാധ്യമത്തിന്‍റെ സാന്നിധ്യത്തെപ്പറ്റി എപ്പോഴും ബോധവാനായിരിക്കണമെന്നില്ല. ഇതിനാല്‍ അദൃശ്യമാധ്യമം എന്നറിയപ്പെടുന്നു.
4.      Medium of sound:റേഡിയോ സംപ്രേക്ഷണത്തിനു മൂന്നു പ്രധാന ഘടകങ്ങളുണ്ട്. സംഭാഷണം, സംഗീതം, സൌണ്ട് ഇഫക്റ്റ്. ഈ മൂന്നു ഘടകങ്ങളും കേള്‍വിയെയാണ് തൃപ്തിപ്പെടുത്തേണ്ടത്. ഇത് മൂന്നും വേണ്ട പോലെ ഉപയോഗിച്ചാല്‍ മാത്രമേ പ്രേക്ഷകന് ആസ്വാദനം സാധ്യമാകുകയുള്ളൂ. ഇവിടെ പ്രേക്ഷകന്‍റെ ചിന്തകളെ ഉത്തേജിപ്പിക്കുന്നത് കേള്‍വിയാണ്.
5.      Intimate medium: റേഡിയോ അവതാരകന്‍ എപ്പോഴും പ്രേക്ഷന്‍ തൊട്ടടുത്ത്‌ ഉണ്ട് എന്ന ഭാവത്തില്‍ വേണം പരിപാടി അവതരിപ്പിക്കാന്‍. കേള്‍വിക്കാരനുംഇതേ അനുഭവം സൃഷ്ടിക്കാന്‍ കഴിയണം. ഇതിനായി വളരെ സരസമായും ലളിതമായും വേണം അവതാരകന്‍ സംസാരിക്കാന്‍. എന്നാലെ റേഡിയോ പരിപാടി വിജയകരമാകുകയുള്ളൂ.
6.      Secondary medium: ഇത് റേഡിയോയ്ക്ക് മാത്രമുള്ള സവിശേഷത ആണ്. പ്രേക്ഷകന് മറ്റൊരു ജോലി നിര്‍വഹിക്കുന്ന കൂട്ടത്തില്‍ റേഡിയോ പ്രക്ഷേപണം ആസ്വദിക്കാനും കഴിയും. റേഡിയോ കേള്‍വിയുടെ മാധ്യമം ആയതുകൊണ്ടാണ്‌ ഇത് സാധിക്കുന്നത്. ടെലിവിഷന്‍ പോലെ അതിനു മുന്‍പില്‍ വന്നിരിക്കേണ്ട കാര്യമില്ല.
7.      Simple language: സാധാരണ പ്രേക്ഷകന് മനസിലാകുന്ന ലളിതമായ ഭാഷയില്‍ ആയിരിക്കണം റേഡിയോ അവതരണം. സന്ദേശം എളുപ്പത്തില്‍ മനസിലാകാന്‍ ഇത് സഹായകരമാണ്. കഠിനമായ പദങ്ങള്‍ പ്രേക്ഷകനില്‍ സംശയം ഉണ്ടാക്കുകയും ആശയവിനിമയം പരാജയപ്പെടുകയും ചെയ്യും.

8.      Medium of immediacy: ബഹുജന മാധ്യമങ്ങളുടെ പൊതുവായ സവിശേഷതയാണിത്‌. ലോകത്ത് എവിടെയും എളുപ്പത്തില്‍ സന്ദേശങ്ങള്‍ എത്തിക്കാന്‍ റേഡിയോ മാധ്യമത്തിനു കഴിയും. ദേശമോ ദൂരമോ ഇവിടെ തടസ്സമാകുന്നില്ല.

ടെലിവിഷന്‍ സവിശേഷതകള്‍ | Characteristics of Television


ഒരു ദൃശ്യ-ശ്രാവ്യ മാധ്യമം എന്നാ നിലയില്‍ ജനപ്രീതിയാര്‍ജ്ജിച്ച മാധ്യമമാണ് ടെലിവിഷന്‍. ടെലിവിഷന്‍റെ പ്രധാന സവിശേഷതകള്‍ താഴെ കൊടുക്കുന്നു.
1.      Audio Visual Medium: ചിത്രങ്ങളുടെയും ശബ്ദങ്ങളുടെയും മാധ്യമമാണ് ടെലിവിഷന്‍. ഒരേ സമയം രണ്ടു ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം ഇവിടെ സാധ്യമാകുന്നു. ആശയം കൂടുതല്‍ വ്യക്തമായും കൃത്യതയോടെയും  പ്രേക്ഷകരിലെക്കെത്തുന്നു. കണ്ണ് കൊണ്ട് കാണുന്നത് കൂടുതല്‍ വിശ്വസനീയമാകുന്നത് സ്വാഭാവികമാണ്. ഇതേ സവിശേഷത കൊണ്ട് തന്നെയാണ് ടെലിവിഷന്‍ ജനപ്രീതിയാര്‍ജ്ജിച്ച മാധ്യമമായത്.
2.      Convergent Medium: പത്രം റേഡിയോ തുടങ്ങി മറ്റു വ്യത്യസ്ത മാധ്യമങ്ങളുടെ സവിശേഷതകളുടെയും ഏകോപനമാണ് ടെലിവിഷന്‍ എന്ന മാധ്യമം. ഇത്തരം മാധ്യമങ്ങളെ കന്വേര്‍ജന്റ്റ് അല്ലെങ്കില്‍ ഏകോപന മാധ്യമങ്ങള്‍ എന്ന് പറയുന്നു. ഇന്റര്‍നെറ്റ്‌ മറ്റൊരു ഉദാഹരണമാണ്.
3.      Universal Medium: വര്‍ഗ്ഗ വര്‍ണ്ണ വംശീയ വ്യത്യാസങ്ങള്‍ എപ്പോഴും ആശയവിനിമയത്തിന് തടസ്സമാകാറുണ്ട്. എന്നാല്‍ ഇത്തരം പ്രതിബന്ധങ്ങള്‍ മറികടക്കാന്‍ കഴിയുന്ന ഭാഷ ഒരു വിലങ്ങുതടിയല്ലാത്ത, ഒരു സാര്‍വത്രികമാധ്യമമാണ് ടെലിവിഷന്‍.
4.      Popular Medium: നിരക്ഷരത ടെലിവിഷന്‍ ഉപയോഗത്തിന് തടസ്സമാകുന്നില്ല. എല്ലാവര്ക്കും ഒരേ പോലെ ഉപയോഗിക്കുകയും ഒരേ സമയം വിനോദവും വിജ്ഞാനവും ലഭിക്കുകയും ചെയ്യുന്ന പൊതുജനസ്വീകാര്യതയുള്ള മാധ്യമമാണ് ടെലിവിഷന്‍.
5.      Medium of Credibility: കാഴ്ചക്കാണ് കൂടുതല്‍ വിശ്വാസ്യത ലഭിക്കുന്നത്. ഒരേ സമയം കാഴ്ചക്കും കേള്‍വിക്കും തുല്ല്യ പ്രാധാന്യം കൊടുക്കുന്നതിനാല്‍ ടെലിവിഷന്‍ വിശ്വാസ്യതയുടെ മാധ്യമമായും കണക്കാക്കപ്പെടുന്നു.
6.      Glamour Medium: ടെലിവിഷനില്‍ മുഖം കാണിക്കാന്‍ അവസരം ലഭിക്കുന്നത് സിനിമയേക്കാള്‍ ജനശ്രദ്ധ നേടാവുന്ന കാര്യമാണ്. ദൃശ്യമാധമങ്ങളില്‍ ഏറ്റവും ജനകീയം ടെലിവിഷന്‍ ആയതുകൊണ്ടാണിത്. വ്യക്തികള്‍ക്ക് മറ്റേതു മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ ശ്രദ്ധയും പ്രശസ്തിയും ടെലിവിഷന്‍ വഴി ലഭിക്കും.
7.      Living room Medium/ Domestic or Family Medium: ടെലിവിഷന്‍ എന്നും ഒരു കുടുംബമാധ്യമം ആണ്. കുടുംബാംഗങ്ങള്‍ ഒരുമിച്ചാണ് പലപ്പോഴും ടെലിവിഷന്‍ പരിപാടികള്‍ ആസ്വദിക്കുന്നത്. ഒരു ഗൃഹത്തില്‍ സ്വീകരണമുറിയില്‍ ആയിരിക്കും ടെലിവിഷന്‍റെ സ്ഥാനം. സാമൂഹികമൂല്യങ്ങള്‍ ബന്ധങ്ങള്‍ ഇവയ്ക്കു പ്രാധാന്യം കൊടുക്കുന്നവയാണ് കൂടുതല്‍ ടെലിവിഷന്‍ പരിപാടികളും.
8.      Medium of Immediacy/ Live medium: ലോകത്തില്‍ നടക്കുന്ന ഏതു സംഭവങ്ങളും നിമിഷങ്ങള്‍ക്കകം പ്രേക്ഷകരുടെ സ്വീകരണമുറിയില്‍ എത്തിക്കാന്‍ ടെലിവിഷന് കഴിയുന്നു. ഔട്ട്‌ഡോര്‍ ബ്രോഡ്കാസ്റ്റിംഗ് വാനുകള്‍ (OB Van) ലൈവ് ടെലികാസ്റ്റ് മുതലായ സാങ്കേതികവിദ്യകളുടെ ഉപയോഗം കൊണ്ട് ഇത് ഫലപ്രദമായി നടത്താന്‍ കഴിയും.

9.      Advertisers Medium: പരസ്യങ്ങളുടെ ദൃശ്യാവിഷ്കരണം ജനങ്ങളെ കൂടുതല്‍ സ്വാധീനിക്കും എന്നതുകൊണ്ട്‌ തന്നെ പരസ്യ നിര്‍മ്മാതാക്കള്‍ മറ്റേതു മധ്യമങ്ങളെക്കാളും പ്രാധാന്യം ടെലിവിഷന് നല്‍കുന്നു. പരസ്യങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത കൊടുക്കാനും ടെലിവിഷന്‍ മാധ്യമത്തിനു സാധിക്കും.